ന്യൂഡൽഹി: സ്കൂൾ ബസ് ഡ്രൈവറെ വെടിവച്ചുകൊന്നശേഷം ഒന്നാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി. വടക്കു കിഴക്ക് ഡൽഹിയിൽ ഇന്നു രാവിലെ 7.40 ഓടെയാണ് സംഭവം. രണ്ടു ബൈക്കുകളിലായി ആയുധങ്ങളുമായി എത്തിയ അക്രമിസംഘം സ്കൂൾ ബസ് തടഞ്ഞു നിർത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അക്രമി സംഘത്തെ തടയവേയാണ് ഡ്രൈവർക്ക് വെടിയേറ്റത്. ഡ്രൈവറെ വെടിവച്ചശേഷം അക്രമികൾ കുട്ടിയുമായി ബൈക്കിൽ രക്ഷപ്പെട്ടു.

സംഭവ സമയത്ത് 25 ഓളം കുട്ടികൾ ബസിനകത്ത് ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ ബന്ധുക്കളോ കുടുംബവുമായി പരിചയമുളള ആരെങ്കിലോ ആവാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് സംശയം, അതേസമയം, പണമോ മറ്റെന്തെങ്കിലുമോ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾക്ക് ഇതുവരെ സന്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ ഡൽഹിക്ക് സമീപമായി ഗുഡ്‌ഗാവിൽ പത്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവർ സ്കൂൾ ബസിനുനേരെ ആക്രമണം നടത്തിയിരുന്നു. 60 ഓളം വരുന്ന പ്രതിഷേധക്കാർ സ്കൂൾ ബസിനുനേരെ കല്ലേറ് നടത്തുകയും ബസിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. പത്മാവത് സിനിമ ഇന്ന് റിലീസ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പല സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ