ന്യൂഡൽഹി: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകം ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽ ബൈക്കപകടത്തില്‍ മൂന്നാമത്തെയാള്‍ മരിച്ചു. വെളളിയാഴ്ച്ച രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. ഇന്ന് രാവിലെ 8.20നാണ് അപകടം ഉണ്ടായത്. 24കാരനായ ശങ്കറാണ് മരിച്ചത്. അര്‍ദ്ധസഹോദരനായ 17കാരന്‍ ദീപക്കിന് കൈമുട്ടിന് പരുക്കേറ്റു.

നിയന്ത്രണം വിട്ട് തെന്നിയ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം നടന്നത്. ഇരുവരും ഹെല്‍മെറ്റ് ഇട്ടിരുന്നെങ്കിലും ശങ്കറിന് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു. ഡിവൈഡറില്‍ ഇടിക്കും മുമ്പ് ശങ്കറിന്റെ ഹെല്‍മെറ്റ് ഊരി തെറിച്ചതായി ദീപക് പറഞ്ഞു. ഇരുവരും ഗാസിയാബാദ് സ്വദേശികളാണ്.

വെള്ളിയാഴ്ച്ച സാഹസിക പ്രകടനത്തിടെ ഉണ്ടായ അപകടത്തിലായിരുന്നു രണ്ട് ബൈക്ക് യാത്രികർ മരിച്ചത്. പാലത്തിന്‍റെ ഡിവൈഡറിൽ ഇടിച്ചതാണ് അപകട കാരണം. വെളളി രാവിലെ 8.50നാണ് അപകടം നടന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. യമുന നദിക്ക് കുറകെ നിർമിച്ച സിഗ്നേച്ചർ പാലം നവംബർ നാലിനാണ് വാഹനങ്ങൾക്കായി തുറന്നു കൊടുത്ത്.

ഡൽഹിയുടെ വടക്ക്-കിഴക്കൻ ഭാഗങ്ങളെയും വടക്കൻ ഭാഗങ്ങളെയും തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. സമയലാഭവും ഗതാഗത തിരക്കും കുറക്കാനാണ് ഈ പാലം കൊണ്ട് ലക്ഷ്യമിടുന്നത്. പാലം തുറന്നത് മുതൽ അനധികൃത പാർക്കിങ്ങും വൺവേ കുറ്റകൃത്യവും അടക്കം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2214 അടി നീളമുള്ള അസിമെട്രിക്കൽ ബ്രിഡ്ജ് ഉരുക്ക് കേബിളുകൾ ഉപയോഗിച്ചാണ് ബലപ്പെടുത്തിയിട്ടുള്ളത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook