പട്ന: ബിഹാറില്‍ വനിതാ പൊലീസുകാരിയുടെ ഹണി ട്രാപ്പില്‍ കുടുങ്ങിയ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. നയന്‍താരയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി വച്ചാണ് മോഷ്ടാവിനെ കുടുക്കിയത്. പട്നയ്ക്ക് അടുത്ത് ദര്‍ബാംഗാ ജില്ലയിലാണ് സംഭവം നടന്നത്. ബിജെപി നേതാവായ സഞ്ജയ് കുമാര്‍ മഹ്തോയുടെ ഫോണ്‍ മോഷ്ടിച്ചയാളാണ് പിടിയിലായത്.

ഫോണ്‍ മോഷണം പോയതായി കാണിച്ച് ബിജെപി നേതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എഎസ്ഐ ആയ മധുബാലാ ദേവിക്കായിരുന്നു അന്വേഷണ ചുമതല. ടവര്‍ ലൊക്കേറ്റ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഹസ്നാനിന്‍ എന്നയാളാണ് ഫോണ്‍ മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി.

ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കിയെങ്കിലും പൊലീസ് എത്തും മുമ്പ് പലതവണ ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്നാണ് മധുബാല മറ്റൊരു പദ്ധതി തയ്യാറാക്കിയത്. ഹസ്നാനിനുമായി ബന്ധം സ്ഥാപിക്കാന്‍ താൽപര്യപ്പെടുന്ന ഒരു പെണ്‍കുട്ടിയെന്ന വ്യാജേനെ മധുബാല ഇയാളെ ഫോണ്‍ ചെയ്യുകയായിരുന്നു.

ആദ്യമൊന്നും ഹസ്നാനിന്‍ താൽപര്യം കാണിച്ചില്ലെങ്കിലും വാട്ട്സ്ആപ് പ്രൊഫൈല്‍ ചിത്രം നയന്‍താരയുടേതായിരുന്നു മധുബാല സെറ്റ് ചെയ്തത്. ഇതുകണ്ട ഹസ്നാനിന്‍ അടുപ്പം കാണിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നയന്‍താരയുടെ കൂടുതല്‍ ചിത്രങ്ങളും മധുബാല അയച്ചുകൊടുത്തു. ‘നയന്‍താരയെ’ കാണണമെന്ന് പറഞ്ഞ ഹസ്നാനിന്‍ ദര്‍ബാംഗയില്‍ വരാമെന്ന് പറയുകയായിരുന്നു.

മഫ്തിയില്‍ എത്തിയ പൊലീസുകാര്‍ നഗരത്തിലെത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മധുബാല ഒരു ബുര്‍ഖ ധരിച്ചാണ് സ്ഥലത്ത് എത്തിയത്. ഇതുകൊണ്ട് തന്നെ പ്രതിക്ക് ആളെ തിരിച്ചറിയാനായില്ല. ബുദ്ധിപരമായ നീക്കത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്ത മധുബാലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ