/indian-express-malayalam/media/media_files/2025/11/14/bihar-election-2025-2025-11-14-13-20-39.jpg)
Bihar Election Results 2025 (Express Photo by Akash Patil)
Bihar Election Results 2025: ബിഹാറിൽ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എൻഡിഎ. നിലവിൽ എൻഡിഎ നേതൃത്വം നൽകുന്ന മഹാസഖ്യം 204 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യത്തിന്റെ മഹാഗൺബന്ധന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 33 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 6 സീറ്റിലും മുന്നേറുന്നു.
തപാൽ വോട്ടിലും എൽഡിഎ
തപാൽ വോട്ടെടുപ്പിലും എൻഡിഎയുടെ മുന്നേറ്റമായിരുന്നു. വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിൻറെ ജൻ സ്വരാജ് പാർട്ടിക്കും ഒരുഘട്ടത്തിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല.
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്
രാജ്യം ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യഫലസൂചനകൾ പുറത്തുവരും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. വൈകിട്ടോടെ മാത്രമേ അന്തിമ ചിത്രം വ്യക്തമാകു.
Also Read:ചലനം സൃഷ്ടിക്കാതെ പ്രശാന്ത് കിഷോർ; ജൻ സുരാജിൻറ പ്രതീക്ഷകൾക്ക് മങ്ങൽ
ബിജെപിയും നിധീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയുവും അടങ്ങുന്ന എൻഡിഎ സഖ്യവും കോൺഗ്രസും ആർജെഡിയും നേതൃത്വം നൽകുന്ന മഹാഗഡ്ബന്ധൻ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
Also Read:നിതീഷ്, മഹിള വോട്ട്, സാമുദായിക സമവാക്യങ്ങൾ; ബിഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയരഹസ്യം
ബീഹാറിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ പോളിംങ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 66.91 ശതമാനം വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കനത്ത പോരാട്ടമാണ് നടന്നതെന്ന സൂചനയാണ് വോട്ടിംങ് ശതമാനത്തിലെ ഉയർച്ചയിൽ നിന്ന് വ്യക്തമാകുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/14/bihar-election-new-2025-11-14-08-56-04.jpg)
രണ്ടാം ഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം 68.76 ൽ നിന്ന് 69.20 ശതമാനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഷ്‌കരിച്ചിരുന്നു. ആദ്യ ഘട്ടത്തിലെ പോളിങ് 65.08 ശതമാനമായിരുന്നു. 2000 ത്തിലധികം പോളിങ് ബൂത്തുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാൻ വൈകിയതാണ് പുനഃപരിശോധന നടത്താൻ കാരണമായത്.
പുതുക്കിയ കണക്കുകൾ പ്രകാരം, ബിഹാർ വോട്ടെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിലെ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിൽ 74.56 ശതമാനം സ്ത്രീകളും 64.41 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തിയെന്ന് പറയുന്നു.
Also Read:വോട്ടുചോരി ഏറ്റെടുക്കാതെ ബിഹാർ; കോൺഗ്രസിന് ദയനീയ തോൽവി, ആറ് സീറ്റുകളിലൊതുങ്ങി
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 20 ജില്ലകളിലും പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം കൂടുതലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ആകെ ജനസംഖ്യയുടെ 68 ശതമാനത്തോളം ന്യൂനപക്ഷ വിഭാഗങ്ങളുള്ള കിഷൻഗഞ്ച് ജില്ലയിൽ പുരുഷന്മാരുടെ പോളിങ് 69.07 ശതമാനവും സ്ത്രീ വോട്ടർമാരുടെ പോളിങ് 88.57 ശതമാനമായിരുന്നു.
- Nov 14, 2025 18:58 IST
'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം'; നന്ദി അറിയിച്ച് പ്രധാനമന്ത്രി
എൻഡിഎയുടെ ഉജ്ജല വിജയത്തിനു പിന്നാലെ ബിഹാറിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എൻഡിഎയ്ക്ക് സമാനതകളില്ലാത്ത ചരിത്ര വിജയം നൽകി അനുഗ്രഹിച്ചതിന് ബിഹാറിലെ ഓരോ വ്യക്തിക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
- Nov 14, 2025 16:07 IST
ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ തോൽവി; കാരണങ്ങൾ ഇവ
വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് വരെ തികഞ്ഞ പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എക്‌സിറ്റ് പോൾ ഫലങ്ങൾ ചെറിയൊരു ആശങ്ക ഉയർത്തിയെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റ് നിലയിൽ നിന്ന് ഒട്ടും താഴേക്ക് പോകില്ലെന്നായിരുന്നു കോൺഗ്രസ് ക്യാമ്പിന്റെ വിലയിരുത്തൽ. എന്നാൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് പ്രവർത്തകർ പാർട്ടിയുടെ ദയനീയ പ്രകടനം തിരിച്ചറിഞ്ഞു. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച പാർട്ടി ഇക്കുറി കേവലം നാല് സീറ്റുകളിൽ ഒതുങ്ങുന്ന ദയനീയ കാഴ്ചയാണ് വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിൽ കാണാൻ കഴിയുന്നത്. Read More...
- Nov 14, 2025 15:23 IST
ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിഹാർ രാഷ്ട്രീയത്തിലെ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ മാറുകയാണ്. 2020-നേക്കാൾ വോട്ടുവിഹിതത്തിനൊപ്പം സീറ്റുകൾ കൂടി വർധിപ്പിച്ചാണ് ചിരാഗ് പാസ്വാൻ ബിഹാർ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായത്. എൻഡിഎ മുന്നണിയിൽ നിതീഷിന്റെ വിലപേശൽ രാഷ്ട്രീയത്തിന് തടയിടാൻ ബിജെപിക്ക് ഇക്കുറി ചിരാഗ് പാസ്വാൻ നിർണായകമാണ്.Read More...
- Nov 14, 2025 14:33 IST
ബിഹാറിൽ ഏകപക്ഷിയ വിജയവുമായി എൻഡിഎ; ചിത്രത്തിൽ ഇല്ലാതെ ഇന്ത്യ സഖ്യം
ബിഹാറിൽ എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചത്. എക്‌സിറ്റ് പോൾ ഫലങ്ങളും ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ചിരുന്നു. എന്നാൽ സർവ്വ പ്രവചനങ്ങളെയും കാറ്റിൽ പറത്തി ഏകപക്ഷീയ വിജയമാണ് എൻഡിഎ സഖ്യം നേടിയത്.
മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യ സഖ്യത്തിന്റെ മഹാഗഡ്ബന്ധൻ മുന്നിൽ എത്തിയിരുന്നില്ല. മത്സരം പലപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ എൻഡിഎ മുന്നണിയിലെ ബിജെപിയും ജെഡിയുവും തമ്മിലാണെന്ന് പ്രതീതിയാണ് ജനിപ്പിച്ചത്. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും കൃത്യവും വ്യക്തവുമായി ലീഡ് ഉയർത്തിയാണ് എൻഡിഎ സഖ്യം ആധികാരിക വിജയം നേടുന്നത്. Read More...
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/14/bjp-election-results-2025-live-2025-11-14-14-22-44.jpg)
- Nov 14, 2025 14:17 IST
വോട്ടർമാരെ ആകർഷിക്കാതെ ഇന്ത്യ സഖ്യം
2.5 കോടി ജനങ്ങൾ ഉള്ള ബിഹാറിലെ ഓരോ കുടുംബത്തിലെയും ഒരാൾക്ക് സർക്കാർ ജോലി, 200 മെഗാവാട്ട് സൗജന്യ വൈദ്യുതി, സത്രീകൾക്ക് പ്രതിമാസം 2,500 രൂപ എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങളാണ് ഇന്ത്യ സഖ്യം ജനങ്ങൾക്ക് നൽകിയത്. എന്നാൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നിലവിൽ തുടരുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുകളിൽ ഈ വാഗ്ദാനങ്ങൾ വോട്ടർമാർ സ്വീകരിച്ചില്ലായെന്നതാണ് യാഥാർഥ്യം.
തുടക്കത്തിൽ തേജസ്വിയുടെ ജോലി വാഗ്ദാനം വോട്ടർമാരെ ആകർഷിച്ചെങ്കിലും വികസനം ചർച്ചയാക്കിയ നിതീഷ് കുമാറിന്റെ സോഷ്യൽ എൻജിനീയറിങ്ങിനെ മറികടക്കാൻ ഇതിന് സാധിച്ചില്ല. ഇതിനുപുറമേ ഒരു മുസ്ലീം-യാദവ് നേതാവിന്റെ അച്ചിൽ നിന്ന് പുറത്തുകടക്കാൻ തേജസ്വി യാദവിന് പലപ്പോഴും കഴിഞ്ഞില്ല. ഇത് ഇന്ത്യ സഖ്യത്തെ നയിച്ച ആർജെഡിയുടെ വോട്ട് ബാങ്കിൽ ഗണ്യമായ വിള്ളൽ വീഴ്ത്തി.
- Nov 14, 2025 13:55 IST
വോട്ടുവിഹിതം വർധിപ്പിച്ച് എൻഡിഎ
ഇന്ത്യ സഖ്യത്തിന്റെ കോട്ടകളിൽ അടക്കം എൻഡിഎ മുന്നണിയുടെ കടന്നുകയറ്റമാണ് ബിഹാറിൽ കാണാനായത്. അഞ്ച് പാർട്ടികൾ അടങ്ങുന്ന എൻഡിഎ സഖ്യത്തിൽ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് ബിജെപിയാണ്. 83 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്.
ജെഡിയുവും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. 60-65 സീറ്റുകളിൽ മുന്നേറ്റമാണ് ജെഡിയു ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 76 സീറ്റുകളിലാണ് ജെഡിയു മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ തവണ 43 സീറ്റുകളിലാണ് ജെഡിയുവിന് വിജയിക്കാനായത്. ചിരാഗ് പാസ്വാന്റെ എൽജെപി കഴിഞ്ഞതവണ ജെഡിയു വോട്ടുബാങ്കിൽ വലിയ വിള്ളൽ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇക്കുറി തിരഞ്ഞെടുപ്പിന് മുമ്പേ എൽജെപിയെ വിശ്വാസത്തിലെടുത്തത് ജെഡിയുവിന് ഗുണം ചെയ്തു
- Nov 14, 2025 13:11 IST
ചലനം സൃഷ്ടിക്കാതെ പ്രശാന്ത് കിഷോർ
ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ പ്രതീക്ഷകൾക്ക് മങ്ങൽ. ചില എക്സിറ്റ് പോൾ പ്രവചനങ്ങളിൽ പൂജ്യം സീറ്റുകളാണ് പാർട്ടിക്കെന്ന് പറഞ്ഞിരുന്നത്. അത് ഏറെക്കുറെ യാഥാർത്ഥ്യമായിട്ടുണ്ട്. അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും ഉൾപ്പെടെ പ്രമുഖരെ സ്ഥാനാർഥികളാക്കിയാണ് ജെഎസ്‌പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, അതൊന്നും പാർട്ടിക്ക് ഗുണം ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.
- Nov 14, 2025 12:57 IST
ലീഡ് തിരികെ പിടിച്ച് തേജസ്വി യാദവ്
രാഘോപൂരിൽ ലീഡ് തിരിച്ച് പിടിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. നേരത്തെ മണ്ഡലത്തിൽ തേജസ്വി ആയിരത്തിലേറെ വോട്ടിന് പിന്നിൽ പോയിരുന്നു. കഴിഞ്ഞ മൂന്ന് തവണയായി തേജസ്വി രാഘോപൂരിൽ നിന്നാണ് ജനവിധി തേടുന്നത്
- Nov 14, 2025 12:55 IST
ദയനീയ തോൽവിയിലേക്ക് കോൺഗ്രസ്
വോട്ടുചോരിയും വോട്ടർ അധികാർ യാത്രയുമൊക്കെയായി ബിഹാറിൽ എൻഡിഎയ്ക്ക് മുൻപേ കളം നിറഞ്ഞത് കോൺഗ്രസായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഈ പ്രചാരണങ്ങളൊന്നും ബിഹാർ ജനത ഏറ്റെടുത്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് Read More...
- Nov 14, 2025 12:27 IST
തിരിച്ചടികൾക്കിടെ കോൺഗ്രസിന് ആശ്വസിക്കാൻ വക, ജൂബിലി ഹിൽസ്
ബിഹാറിലെ തിരിച്ചടികൾക്കിടയിൽ കോൺഗ്രസിന് ആശ്വസിക്കാൻ തെലങ്കാനയിൽ നിന്ന് ശുഭവാർത്ത. മൂന്ന് റൗണ്ട് എണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 2,995 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്. കോൺഗ്രസ് പാർട്ടിയുടെ നവീൻ യാദവാണ് മുന്നിൽ നിൽക്കുന്നത്. ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) സിറ്റിംഗ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ 58 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഗോപിനാഥിന്റെ ഭാര്യയായ സുനിതയെയാണ് ബിആർഎസ് രംഗത്തിറക്കിയത്.
- Nov 14, 2025 12:19 IST
നുണയും പണവുമില്ലാതെ ബിജെപിക്ക് ഒരു തിരഞ്ഞെടുപ്പും ജയിക്കാനാവില്ല: പപ്പു യാദവ്
നുണ, പണം, എന്നിവയില്ലാതെ ബിജെപിക്ക് ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാൻ കഴിയില്ലെന്ന് പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവ്. നിതീഷ് സർക്കാരിന് പകരം ബിജെപി സർക്കാർ രൂപീകരിക്കാൻ ബിജെപി പരമാവധി ശ്രമിച്ചു. സ്ത്രീകളും യുവാക്കളും ഇന്ത്യ സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും പപ്പു യാദവ്
കഴിഞ്ഞ ദിവസം നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് പപ്പുയാദവ് ക്ഷണിച്ചിരുന്നു. നിതീഷ് കുമാറിൻറെ അവസ്ഥ എൻഡിഎയിൽ ഒട്ടും നല്ലതല്ലെന്നും പപ്പു യാദവ് പറഞ്ഞിരുന്നു. 20 വർഷം എൻഡിഎ ബീഹാറിനെ വഞ്ചിച്ചുവെന്നും മോദി വെറുപ്പിന്റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
- Nov 14, 2025 12:15 IST
ബിഹാറിൽ വോട്ടെണ്ണൽ, നെഹ്റുവിന് ആദരവുമായി നീതിഷിന്‍റെ കുറിപ്പ്
ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കൗതുകമുണർത്തി ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ എക്‌സ് പോസ്റ്റ്. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ചാണ് നിതീഷിന്റെ പോസ്റ്റ്.നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തോടുള്ള ബഹുമാനം സൂചിപ്പിച്ചുകൊണ്ടാണ് നിതീഷ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരവർപ്പിക്കുന്നുവെന്നാണ് നിതീഷ് പറയുന്നത്
- Nov 14, 2025 11:28 IST
തകർന്നടിഞ്ഞ് കോൺഗ്രസ്
വോട്ടുചോരി ഉൾപ്പടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അതിശക്ത പ്രചാരണം നടത്തിയിട്ടുപോലും മഹാഗഡ്ബന്ധനിലെ പ്രധാന പാർട്ടിയായ കോൺഗ്രസിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. 2020-ൽ 19 സീറ്റുകൾ നേടിയ കോൺഗ്രസ് ഇക്കുറി പത്ത് സീറ്റുകളിൽ പോലും ലീഡ് നേടാനാവാത്ത സ്ഥിതിയാണ്. രാഹുൽ ഗാന്ധിയുടെ വോട്ടുചോരി ആരോപണവും, വോട്ടർ അധികാർ യാത്രയും ബിഹാറിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ലെയെന്നാണ് തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്.
സീറ്റ് വിഭജനം മുതൽ കോൺഗ്രസും ആർജെഡിയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഏറെ ചർച്ചകൾക്കെടുവിലാണ് തേജസ്വിയെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് പോലും. ഇതിനുപുറമേ ചില മണ്ഡലങ്ങളിൽ ആർജെഡിയും കോൺഗ്രസും തമ്മിൽ സൗഹൃദ മത്സരം നടന്നിരുന്നു. ഇവിടങ്ങളിലെല്ലാം എൻഡിഎ സഖ്യം വലിയ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്. Read More...
- Nov 14, 2025 11:27 IST
തിളങ്ങാതെ തേജസ്വി; മഹാസഖ്യത്തിന് വൻ പതനം
കഴിഞ്ഞ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർജെഡി. 2025-ലെ തിരഞ്ഞെടുപ്പ് ചിത്രം പരിശോധിക്കുമ്പോൾ ആർജെഡി നേതൃത്വം നൽകുന്ന മഹാഗഡ്ബന്ധൻ 50 സീറ്റ് പോലും തികയ്ക്കാൻ കിതയ്ക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഭരണവിരുദ്ധ വികാരം വോട്ടാക്കി അധികാരം പിടിച്ചെടുക്കാമെന്ന് ആർജെഡിയും കോൺഗ്രസും നയിക്കുന്ന മഹാഗഡ്ബന്ധന്റെ സർവ്വ പ്രതീക്ഷകളും തല്ലികെടുത്തുന്നതാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം. Read More...
- Nov 14, 2025 10:45 IST
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഐ(എംഎൽ)
വോട്ടർ പട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷം വോട്ട് അധികം പോൾ ചെയ്തുവെന്ന് സിപിഐ(എംഎൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ. എക്‌സ് പോസ്റ്റിലൂടെയാണ് ദീപാങ്കർ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ് ഐ ആറിന് ശേഷം 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം 7.45 കോടി വോട്ടർമാർ വോട്ട് ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. അധികം വന്ന മൂന്ന് ലക്ഷം വോട്ട് എവിടെ നിന്നാണെന്നും ദീപാങ്കർ ഭട്ടാചാര്യ അറിയിച്ചു.
- Nov 14, 2025 10:30 IST
ബിഹാറിലെങ്ങും എൻഡിഎ തേരോട്ടം
ബിഹാറിലെ എല്ലാ മേഖലകളിലും എൻഡിഎ മുന്നേറ്റം പ്രകടമാണ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ടര മണിക്കൂറുകൾ പിന്നിടുമ്പോൾ എൻഡിഎ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്ന് ഉറപ്പാണ്.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/14/bihar111111-2025-11-14-10-29-57.jpg)
- Nov 14, 2025 10:27 IST
നിത്യഹരിത നിതീഷ
എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെച്ച് ബിഹാറിൽ എൻഡിഎയുടെ തോരോട്ടം. തപാൽ വോട്ട് എണ്ണിതുടങ്ങി ആദ്യ ഘട്ടം മുതൽ തന്നെ എൻഡിഎയുടെ മുന്നേറ്റം പ്രകടമായിരുന്നു. നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള ജനസമ്മിതി കുറഞ്ഞില്ലെന്നാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ നൽകുന്നത്. Read More...
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/09/18/nithish-kumar1-2025-09-18-21-26-15.jpg)
- Nov 14, 2025 09:56 IST
ബിഹാർ പിസിസി അധ്യക്ഷൻ രാജേഷ് റാം മുന്നിൽ
മുതിർന്ന നേതാവും ബിഹാർ പിസിസി അധ്യക്ഷനുമായ രാജേഷ് റാം കുഡുംബ മണ്ഡലത്തിൽ മുന്നിൽ
- Nov 14, 2025 09:45 IST
ലീഡ് ഉയർത്തി എൻഡിഎ
എൻഡിഎയുടെ ലീഡ് നില ഉയർന്നു. നിലവിൽ 153 സീറ്റുകളിൽ എൻഡിഎ മുന്നിട്ടു നിൽക്കുകയാണ്.
- Nov 14, 2025 09:11 IST
ഇന്ത്യ സഖ്യത്തിന്റെ ലീഡ് കുറയുന്നു
ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ കാര്യമായ ലീഡ് നേടാനാവാതെ ഇന്ത്യ സഖ്യം. 65 സീറ്റുകളിൽ മാത്രമാണ് ഇന്ത്യ സഖ്യത്തിന് ലീഡ് വർധിപ്പിക്കാനായത്. ഇവയിൽ ഭൂരിഭാഗവും ആർജെഡി സീറ്റുകളാണ്. കോൺഗ്രസിനും ഇടതുപാർട്ടിയ്ക്കും കാര്യമായ നേട്ടം എങ്ങും ഉണ്ടാക്കാനായില്ല.
- Nov 14, 2025 09:08 IST
തേജസ്വി യാദവ് മുന്നിൽ
ബിഹാറിൽ രാഘോപൂർ മണ്ഡലത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് മുന്നിൽ.
- Nov 14, 2025 08:53 IST
കോൺഗ്രസിന് പത്തിടത്ത് ലീഡ്
ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യഫല പ്രഖ്യാപനം പുറത്തുവരുമ്പോൾ കോൺഗ്രസ് പത്ത് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
- Nov 14, 2025 08:41 IST
ബിഹാറിൽ സുരക്ഷ ശക്തം
പറ്റ്നയിൽ സുരക്ഷയുടെ ഭാഗമായി പട്രോളിംങ് നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ
#WATCH | Bihar: Horse-mounted Police personnel carry out patrolling in Patna, as counting for #BiharElection2025 begins. pic.twitter.com/Bi7iKyD3j5
— ANI (@ANI) November 14, 2025 - Nov 14, 2025 08:40 IST
എക്‌സിറ്റ് പോളിനെക്കാൾ അധികം സീറ്റുകൾ നേടും
ബിഹാറിൽ എൻഡിഎ സഖ്യം എക്‌സിറ്റ് പോൾ പ്രവചനത്തെക്കാൾ അധികം സീറ്റുകൾ നേടുമെന്ന് മന്ത്രി അശോക് ചൗധരി പറഞ്ഞു.
- Nov 14, 2025 08:36 IST
എൻഡിഎ അധികാരത്തിലെത്തുമെന്ന് ബിജെപി വക്താവ്
ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കവേ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് ബിജെപി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. സൂര്യപ്രകാശം പോലെ എൻഡിഎയുടെ വിജയവും ഉറപ്പാണ്. ബീഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും നിതീഷ് കുമാറിലും വിശ്വാസമുണ്ട്. ആ വിശ്വാസം ഫലങ്ങളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- Nov 14, 2025 08:32 IST
ഇവിഎം എണ്ണി തുടങ്ങി
ബിഹാറിൽ ഇവിഎം നിന്നുള്ള വോട്ടുകൾ എണ്ണി തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എൻഡിഎ 75 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സംഖ്യം 38 സീറ്റിലും ലീഡ് ചെയ്യുന്നു.
- Nov 14, 2025 08:15 IST
ഇത്തവണയും മത്സരരംഗത്തില്ലാതെ നിധീഷ് കുമാർ
എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജെഡിയു നേതാവ് നിതീഷ് കുമാർ ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ല. 2030വരെ എംഎൽസിയായി തുടരാൻ നിതീഷിന് കഴിയുന്ന സാഹചര്യത്തിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയാലും മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്താൻ നിതീഷിന് തടസ്സമല്ല.
- Nov 14, 2025 07:46 IST
ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഇന്ന്
വിവിധ നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കും. ആറു സംസ്ഥാനങ്ങളിലായി എട്ടു മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് ഇന്നു രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്നത്. ഇതിൽ ജമ്മു കശ്മീരിലെ രണ്ടു നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടുന്നു. ജമ്മു കശ്മീരിലെ ബദ്ഗാം, നഗ്രോട്ട മണ്ഡലങ്ങളും, രാജസ്ഥാനിലെ അന്റ, ഝാർഖണ്ഡിലെ ഘട്സില, തെലങ്കാനയിലെ ജൂബിലി ഹിൽസ്, പഞ്ചാബിലെ തൻ തരൺ, മിസോറാമിലെ ദംപ, ഒഡീഷയിലെ നൗപഡ എന്നി മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
- Nov 14, 2025 07:33 IST
പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ
ബിഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ളാദ പ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
- Nov 14, 2025 07:32 IST
ഫലംവരും മുന്നേ ബിഹാറിൽ വിജയാഘോഷത്തിന് തയ്യാറായി എൻഡിഎ
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ അനുകൂലമായതോടെ വിജയ പ്രതീക്ഷയിൽ എൻഡിഎ. വോട്ടെണ്ണൽ ദിനത്തിൽ വിജയാഘോഷത്തിനായി പട്നയിൽ ബിജെപി 500 കിലോഗ്രാം ലഡുവാണ് തയ്യാറാക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിംഗ് കല്ലു പറഞ്ഞു.
- Nov 14, 2025 07:22 IST
വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ
46 കേന്ദ്രങ്ങളാണ് ബിഹാറിൽ വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇസിഐ) നിർദേശപ്രകാരം എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണൽ ബൂത്തുകളിൽ ആംബുലൻസുകൾ, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ, അവശ്യ സേവനങ്ങൾ, പൊലീസ്, ഇസിഐ, ജുഡീഷ്യൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങൾ മാത്രമേ കടന്നുപോകാൻ അനുവദിക്കൂ. 243 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ വ്യക്തമാക്കുന്നു.
- Nov 14, 2025 07:19 IST
ബിഹാറിൽ അതീവ സുരക്ഷ
വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ബിഹാറിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) 60 കമ്പനികൾ, ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് (ബിഎസ്എപി) ഉദ്യോഗസ്ഥരുടെ സംഘം, ജില്ലാ സായുധ പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വലിയ സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ളത്. കൂടാതെ, വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള റോഡുകളിൽ പ്രാദേശിക പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ ബൂത്തുകളിൽ ആംബുലൻസുകൾ, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ, അവശ്യ സേവനങ്ങൾ, പൊലീസ്, ഇസിഐ, ജുഡീഷ്യൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങൾ മാത്രമേ കടന്നുപോകാൻ അനുവദിക്കൂ. 243 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ വ്യക്തമാക്കുന്നു.
- Nov 14, 2025 07:15 IST
മഹാഗഡ്ബന്ധൻ സർക്കാർ രൂപവത്കിക്കും: തേജസ്വി യാദവ്
ബീഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ രൂപവത്കരിക്കുമെന്നും മാറ്റത്തിനായാണ് ജനങ്ങൾ വോട്ടുചെയ്തതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ്. പട്‌നയിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളഞ്ഞു Read More...
- Nov 14, 2025 07:13 IST
എൻഡിഎയ്ക്ക് മുൻതൂക്കം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ സർവേ
ബിഹാർ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരം ഇഞ്ചോടിഞ്ചെന്ന് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ ഫലം. എൻഡിഎ 121 മുതൽ 141 വരെ സീറ്റുകൾ നേടുമെന്നും ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടുന്ന ഇൻഡ്യാ സഖ്യം 98 മുതൽ 118 സീറ്റുകൾ വരെ നേടുമെന്നാണ് സർവ്വെ ഫലം. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സർവ്വെ ഫലം ചൂണ്ടിക്കാട്ടുന്നു. ഒബിസി, എസ്സി, ജനറൽ വിഭാഗങ്ങളുടെ വോട്ടുകൾ എൻഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. Read More...
- Nov 14, 2025 07:12 IST
7.45 കോടി വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചു
ബിഹാറിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ പങ്കെടുത്തത് 7.45 കോടി വോട്ടർമാരായിരുന്നു. 3.94 കോടി പുരുഷന്മാരും 3.51 കോടി സ്ത്രീകളും ഉൾപ്പെട്ടിരുന്നു എന്നാണ് കണക്ക്. 71.8 ശതമാനം സ്ത്രീകൾ വോട്ട് ചെയ്യാൻ എത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്. ഇത്തവണത്തെ ബിഹാർ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണെന്നാണ് തെരഞ്ഞടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ. ബിഹാർ രാഷ്ട്രീയ ചരിത്രത്തെ തിരുത്തി കുറിക്കുകയാണങ്കിൽ സംസ്ഥാനത്തെ സ്ത്രീകളുടെ പങ്ക് ശക്തമായ പ്രാധാന്യം വഹിക്കും.
സ്ത്രീ ശാക്തീകരണം, തൊഴിൽ, വിദ്യാഭ്യാസം, ബോധവത്കരണം, ജോലിക്കായുള്ള കുടിയേറ്റങ്ങൾ എന്നിവയാകാം ഇത്തവണത്തെ ബിഹാർ തിരഞ്ഞെടുപ്പിൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്താൻ കാരണമെന്ന് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/14/bihar-ele1-2025-11-14-07-12-05.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us