scorecardresearch
Latest News

ജെ ഡി യുവിനു റാന്തല്‍ തെളിക്കുമോ ആര്‍ ജെ ഡി? കാത്തിരുന്നു കാണാന്‍ ബി ജെ പി

സഖ്യത്തില്‍ തേജസ്വി യാദവിനു മുഖ്യമന്ത്രിപദം ലഭിക്കാന്‍ സമ്മര്‍ദം ചെലുത്തണോ അതോ കുറച്ചുകാലം കാത്തിരിക്കണോ എന്നതാണ് ആര്‍ ജെ ഡിക്കു മുന്നിലുള്ള പ്രധാന പ്രശ്‌നം

Bihar, Bihar Political crisis, RJD, JDU, BJP

പാറ്റ്‌ന: ബിഹാറില്‍ ഭരണകക്ഷികളായ ജനതാദള്‍ യുണൈറ്റഡും (ജെ ഡി യു) ബി ജെ പിയും തമ്മിലുള്ള ബന്ധം പരസ്യമായ പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കെ എല്ലാ കണ്ണുകളും ആര്‍ ജെ ഡിയിലേക്ക്. ജെ ഡി യുമായി ചേര്‍ന്ന് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ ജെ ഡി താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കരുതലോടെയാണു നീക്കം.

സഖ്യത്തില്‍ തേജസ്വി യാദവിനു മുഖ്യമന്ത്രിപദം ലഭിക്കാന്‍ സമ്മര്‍ദം ചെലുത്തണോ അതോ കുറച്ചുകാലം കാത്തിരിക്കണോ എന്നതാണ് ആര്‍ ജെ ഡിക്കു മുന്നിലുള്ള പ്രധാന പ്രശ്‌നം. അതേസമയം, ബി ജെ പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന തീരുമാനത്തില്‍ ല്‍ ആര്‍ ജെ ഡി എത്തിയിട്ടുമുണ്ട്. നേരെത്ത, 2015-2017 കാലഘട്ടത്തില്‍ 20 മാസം ബിഹാറില്‍ ജെ ഡി യുവുമായി ആര്‍ ജെ ഡി അധികാരം പങ്കിട്ടിരുന്നു.

‘ചില സവാരിക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള കരാര്‍ ആണ്’ പുതിയ സഖ്യമെന്നാണ് ആര്‍ ജെ ഡി വൃത്തങ്ങള്‍ പറയുന്നത്. ”ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ബാക്കി കാര്യങ്ങള്‍ നോക്കാം,” ഒരു ആര്‍ ജെ ഡി നേതാവ് പറഞ്ഞു. ”സര്‍ക്കാരിനെ ഞങ്ങള്‍ വളരെ ശക്തമായി കുലുക്കും, അത് വീഴും,” എന്ന തേജസ്വി യാദവിന്റെ സമീപകാല പ്രസ്താവന നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജെ ഡി യുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് നിതീഷ് കുമാറിനു മുന്നില്‍ ഒരു നിര്‍ദേശവും വച്ചിട്ടില്ലെന്ന് ആര്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിങ് പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ വാഗ്ദാനം വ്യക്തമാണെന്നു ദേശീയ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടി യോഗങ്ങള്‍ക്കും ജെ ഡി മായുള്ള കൂടിക്കാഴ്ചകള്‍ക്കും മുന്‍പ് വെടിപൊട്ടിക്കാതിരിക്കാനുള്ള നീക്കമാണ് ആര്‍ ജെ ഡി നടത്തുന്നത്. ബി ജെ പിയുമായി വേര്‍പിരിയുമെന്ന സൂചന ജെ ഡി യു ഇന്ന് നല്‍കിയിരുന്നു.

അതേസമയം, ബി ജെ പിയാവട്ടെ വിഷയത്തിലെ നിലപാട് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഞായറാഴ്ച വൈകിട്ട് കേന്ദ്ര നേതൃത്വത്തെ വിവരം ധരിപ്പിച്ചതായി ഒരു സംസ്ഥാന നേതാവ് പറഞ്ഞു. പ്രതികരിക്കരുതെന്ന് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയാവുന്നിടത്തോളം കേന്ദ്ര നേതൃത്വം നിതീഷ് കുമാറിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് മാസങ്ങള്‍ കൂടുമ്പോള്‍ നിതീഷ് ഇതുപോലെ പെരുമാറാറുണ്ടെന്നും ഇത്തവണ അത് അദ്ദേഹത്തിന്റെ അബദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ബി ജെ പിയെ പരിഭ്രാന്തരാക്കുന്ന നിതീഷിന്റെ മുന്‍കാല പ്രവൃത്തിയില്‍നിന്ന് ഇത്തവണത്തേതിന് അല്‍പ്പം മാറ്റമുണ്ടെന്നാണു മറ്റൊരു മുതിര്‍ന്ന ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടത്. ”ഇത്തവണ ഭീഷണി ഗുരുതരമാണെന്ന് തോന്നുന്നു,” അദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍ പ്രവചനാതീതനാണ്… തനിക്ക് ഏതറ്റം വരെയും പോകാനാകുമെന്ന് അദ്ദേഹം തെളിയിച്ചു,” ബിഹാറില്‍ നിന്നുള്ള മറ്റൊരു നേതാവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രശ്‌നപരിഹാരത്തിനു ദൂതനെ പട്നയിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നാണു ബി ജെ പിയുടെ തീരുമാനം. ചൊവ്വാഴ്ച നിതീഷ് വിളിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കും.

നിയമസഭാ സ്പീക്കറും ബി ജെ പി നേതാവുമായ വിജയ് കുമാര്‍ സിന്‍ഹയുമായി വിധാന്‍സഭാ വാര്‍ഷികാഘോഷത്തിലേക്കുള്ള ക്ഷണങ്ങളെച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലാണ് ഇരു കക്ഷികള്‍ക്കുമിടയിലെ ഏറ്റവും പ്രതിസന്ധി. ഒരിക്കല്‍ തന്റെ ഏറ്റവും അടുത്ത സഹായികളിലായിരുന്ന ആര്‍ സി പി സിങ് തനിക്കെതിരെ നടത്തിയ വ്യക്തിപരമായ ആക്രമണങ്ങളും ബി ജെ പിയുടെ നിര്‍ദേശപ്രകാരമാണെന്നാണു നിതീഷ് കരുതുന്നത്.

നിതീഷിനെ വിമര്‍ശിച്ച ആര്‍ സി പി സിങ്ങിനു പകരം ജെ ഡി യുവിനു കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് സ്ഥാനം നല്‍കാന്‍ തയാറാണെന്നു ബി ജെ പി നേതൃത്വം നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്യസഭാ കാലാവധി അവസാനിച്ച സിങ്് ശനിയാഴ്ച ജെ ഡി യു വിട്ടിരുന്നു. അതേസമയം, ജെ ഡി യു ഒന്നിലധികം മന്ത്രിസ്ഥാനങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രത്യേകിച്ച് ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ് (ലാലന്‍ സിങ്) എന്നും ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ക്യാബിനറ്റ് ബര്‍ത്ത് വെറും തന്ത്രം മാത്രമാണെന്നും നിതീഷ് തങ്ങളില്‍നിന്ന് അകലുകയാണെന്നുമാണു ബി ജെ പിയിലെ ഭൂരിപക്ഷ അഭിപ്രായം.

ബി ജെ പി അധികാരത്തിലെത്തിയ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു 2013-ല്‍ നിതീഷ് കുമാര്‍ ബിഹാറില്‍ ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. പ്രധാനമന്ത്രി മുഖമാകാന്‍ പോകുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയാണെന്ന് വ്യക്തമായതോടെയായിരുന്നു ഇത്. എന്‍ ഡി എയ്ക്കു ‘ശുദ്ധവും മതേതരവുമായ പ്രതിച്ഛായ’ ഉള്ള ഒരു നേതാവുണ്ടാകണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിതീഷിന്റെ നീക്കം.

തുടര്‍ന്ന് ആര്‍ ജെ ഡിയും കോണ്‍ഗ്രസുമായും മറ്റു ചില ചെറിയ പാര്‍ട്ടികളുമായും ചേര്‍ന്ന് ‘മഹാസഖ്യം’ രൂപീകരിച്ചാണു ജെ ഡി യു 2015 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യം 178 സീറ്റ് നേടിയതോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി. 2017 ജൂലൈയില്‍ ആര്‍ ജെ ഡിയുമായി വേര്‍പിരിഞ്ഞ നിതീഷ് വീണ്ടും ബി ജെ പിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 40 സീറ്റില്‍ 39 ഉം സഖ്യം സ്വന്തമാക്കി. ബി ജെ പി മത്സരിച്ച 17 സീറ്റുകളിലും ജെ ഡി യു 17ല്‍ 16ലും ചെയ്തു. എല്‍ ജെ പി ആറില്‍ ആറിലും വിജയിച്ചു.

എന്നാല്‍ 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷിനെ വീണ്ടും എന്‍ ഡി എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നും തുല്യ സീറ്റുകളില്‍ മത്സരിക്കണമെന്നതും സംബന്ധിച്ച് അഭിപ്രായ ഭിന്നത ഉടലെടുത്തു. ഇതോടെ തിരരഞ്ഞെടുപ്പിന് മുമ്പ് ജെ ഡി യുവും ബി ജെ പിയും തമ്മിലുള്ള സഖ്യം വഷളാകാന്‍ തുടങ്ങി. തുടര്‍ന്ന്, മുന്നണിയില്‍നിന്ന് പുറത്താക്കിയ എന്നാല്‍ എല്‍ ജെ പിയെ ജെഡി (യു) സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മിക്കവാറും സീറ്റുകളില്‍ നിര്‍ത്തി ബി ജെ പി കളിച്ചുവെന്ന് ആരോപണമുയര്‍ന്നു.

ഇതിന്റെ ഫലം ജെ ഡി യു 71 സീറ്റില്‍ നിന്ന് 43 സീറ്റിലേക്ക് ചുരുങ്ങുന്നതായിരുന്നു. ബി ജെ പിക്കു സീറ്റ് കൂടുതലുണ്ടായിട്ടും നിതീഷ് കുമാറിനു മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 75 സീറ്റുകളുള്ള ആര്‍ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 74 സീറ്റാണു ബി ജെ പിക്കുള്ളത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bihar political crisis tejashwi yadav nitish kumar rjd bjp jdu