പട്‌ന (ബിഹാർ): ബിഹാറിൽനിന്നും ഞെട്ടിക്കുന്നൊരു പീഡന വാർത്ത. ഭർത്താവിന് മുന്നിൽവച്ച് ഭാര്യയെയും മകളെയും കൂട്ടബലാൽസംഗം ചെയ്‌തു. ഗയ ജില്ലയിലെ സോൻദിഹ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

മോട്ടോർ ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന കുടുംബത്തെ 12 ഓളം പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഭർത്താവിനെ മരത്തിൽ കെട്ടിയിട്ടശേഷം 10 ലധികം പേർ ഭാര്യയെയും 15 കാരിയായ മകളെയും കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. ഭർത്താവിനു മുന്നിൽവച്ചായിരുന്നു പീഡനം.

മോട്ടോർ ബൈക്കിൽ വരികയായിരുന്ന കുടുംബത്തെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം തടഞ്ഞതെന്ന് പട്‌ന ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് നെയ്‌യാർ ഹസ്‌നെയിൻ ഖാൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്‌തു. ഭർത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു കൂട്ടബലാൽസംഗം. അന്വേഷണത്തിൽ ഇതേ സംഘം അതുവഴി കടന്നുപോയ വിദ്യാർത്ഥികളിൽനിന്നും മൊബൈൽ ഫോണും പണവും അപഹരിച്ചതായി വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ രണ്ടുപേരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കോച്ച് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസറെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ