പട്ന: സ്ഥലംമാറ്റം ആഘോഷിക്കാന്‍ തീരുമാനിച്ച പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി. സിബിഐയിലേക്ക് ലഭിച്ച സ്ഥലംമാറ്റം ആകാശത്തേക്ക് വെടിവെച്ച് ആഘോഷിച്ച പൊലീസുകാരനാണ് സ്ഥലംമാറ്റം റദ്ദുചെയ്തുകൊണ്ടുള്ള നടപടിക്ക് വിധേയമായത്. ബിഹാറില്‍ നിന്നുമുള്ള പൊലീസുകാരനാണ് അദ്ദേഹം. അലംഭാവത്തോടെയുള്ള പ്രവര്‍ത്തി ഓണ്‍ലൈനില്‍ വൈറലായതോടെയാണ്‌ സ്ഥലംമാറ്റം റദ്ദുചെയ്യുന്നത്.

ഉയര്‍ന്ന ഉദ്യോഗസ്ഥരെ കൂട്ടത്തോടെ ട്രാന്‍സ്ഫര്‍ ചെയ്യുകയെന്ന മുഖ്യമന്ത്രി നിതിഷ് കുമാറിന്‍റെ നടപടിയുടെ ഭാഗമായാണ് കത്തിഹാര്‍ പൊലീസ് സൂപ്രണ്ട് ആയ സിദ്ധാര്‍ത് മോഹന്‍ ജെയ്നിനിന് സിബിഐയിലേക്ക് സ്ഥലമാറ്റം ലഭിക്കുന്നത്. പക്ഷേ സ്ഥലംമാറ്റം ആഘോഷിച്ചുള്ള വീഡിയോ ഓണ്‍ലൈനില്‍ അതിര് കടന്നതോടെയാണ് നടപടിയും ഉണ്ടായി.

രാത്രിയില്‍ വളരെ വൈകി നീണ്ടു നിന്ന പാര്‍ട്ടി ജെയ്നും അദേഹത്തിന്റെ സുഹൃത്തായ മിതിലേഷ് മിശ്രയും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.’ഷോല’യിലെ ഒരു പഴയ ഗാനം ആലപിച്ചു കൊണ്ടിരുന്ന മിശ്രയുടെ പാട്ടിന്‍റെ താളങ്ങള്‍ക്കു ചേരുന്ന വിധം ജെയിന്‍ ആകാശത്തു വെടിതുയര്‍ക്കുകയായിരുന്നു ഓണ്‍ലൈന്‍ പ്രചരിച്ച വീഡിയോ. ഗോള്‍ഫ് ഗ്രൗണ്ടില്‍ വച്ച് നടന്ന പാര്‍ട്ടിയില്‍ ഒന്‍പതു തവണയാണ് ജെയിന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്.

“സിബിഐയിലേക്കുള്ള ജെയ്നിന്റെ മാറ്റം റദ്ദു ചെയ്യുന്നതിനോടൊപ്പം ഇതിനെതിരെ ഒരു അന്വേഷണവും ഉടനെ തന്നെ ആരംഭിക്കുന്നതാണ്” സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായ എസ്.കെ സിംഘാല്‍ പറഞ്ഞതായ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേയ്ക്കു വെടിയുതിര്‍ക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ ആളുകള്‍ മരണപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്.

ഔദ്യോഗിക തോക്ക് ദുരുപയോഗം ചെയ്തതിന് ജെയ്നിനിനെതിരെ ഇതുവരെ കേസൊന്നും രേഖപെടുത്തിയിട്ടില്ല എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ