പാട്‌ന: സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ് മൂന്നാം നാൾ ബിഹാർ മന്ത്രിസഭയിലെ ഒരു അംഗം രാജിവച്ചു. അഴിമതി ആരോപണങ്ങൾ നേരിടുന്ന വിദ്യാഭ്യാസമന്ത്രി മേവാലാല്‍ചൗധരിയാണ് രാജിവച്ചത്.
മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരിട്ടുകണ്ട് മേവാലാൽ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. അതിനുശേഷം രാജിക്കത്ത് നൽകി. എന്നാൽ, തനിക്കെതിരെ അഴിമതി കുറ്റം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് മേവാലാൽ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ബിഹാറിലെ മുഖ്യപ്രതിപക്ഷമായ ആർജെഡി മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. അഴിമതി ആരോപണം നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയത് ആർജെഡി ചോദ്യം ചെയ്‌തതോടെ സർക്കാർ പ്രതിരോധത്തിലായി.
Read Also: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5722 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ശതമാനം
നവംബർ 16 നാണ് നിതീഷ് കുമാർ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റത്. തിങ്കളാഴ്‌ച വൈകിട്ട് രാജ് ഭവനില്‍ കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരുന്നു സത്യപ്രതിജ്‍ഞ.
243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിലെത്തിയത്. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 110 ൽ ഒതുങ്ങി. എൻഡിഎയിൽ ബിജെപിക്കാണ് കൂടുതൽ സീറ്റ്. എന്നാൽ, നേരത്തെ നിശ്ചയിച്ചതുപോലെ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
ബിജെപി 74 സീറ്റ് നേടിയപ്പോൾ ജെഡിയുവിന് ലഭിച്ചത് 43 സീറ്റുകൾ മാത്രമാണ്. ജെഡിയുവിന്റെ മോശം പ്രകടനത്തിൽ നിരാശനായ നിതീഷ് കുമാർ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് മുന്നണിയെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ബിജെപി നേതാക്കൾ നിതീഷിനോട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആവശ്യപ്പെടുകയായിരുന്നു.