/indian-express-malayalam/media/media_files/2025/11/17/chirag-paswan-2025-11-17-08-05-50.jpg)
ഫയൽ ചിത്രം
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിനുശേഷം സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിലാണ് (101 വീതം) മത്സരിച്ചത്. പുതിയ സർക്കാരിൽ ഇരു പാർട്ടികൾക്കും തുല്യമായ മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കുമെന്നാണ് സൂചന. ഈ ഫോർമുല അനുസരിച്ച്, ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്ക് (റാം വിലാസ്) രണ്ട് മന്ത്രി സ്ഥാനങ്ങളും ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം), ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (മതേതര) എന്നിവയ്ക്ക് ഓരോ വകുപ്പ് വീതവും നൽകാം.
"ചർച്ചയിലുള്ള ഫോർമുല ഇതാണ്, കൂടിയാലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്. വകുപ്പുകൾ സംബന്ധിച്ച് വലിയ മാറ്റങ്ങളുണ്ടാകാം," വൃത്തങ്ങൾ പറഞ്ഞു. അതിനിടെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെഡിയു എംഎൽഎമാർ ഇന്ന് പട്നയിൽ യോഗം ചേരും. അതിനുശേഷം മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണറെ കണ്ട് രാജി സമർപ്പിക്കും. ഇതോടെ പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങും. ബിജെപി നിയമസഭാ കക്ഷി ചൊവ്വാഴ്ച യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Also Read: ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ അടുത്ത സഹായി അറസ്റ്റിൽ; ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് എൻഐഎ
ബിഹാർ തിരഞ്ഞെടുപ്പിൽ 89 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി, തൊട്ടുപിന്നാലെ ജെഡിയു 85, എൽജെപി (ആർവി) 19, എച്ച്എഎം (എസ്) അഞ്ച്, ആർഎൽഎം 4 സീറ്റുകൾ. 2020 ൽ, എൻഡിഎയിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി 74 സീറ്റുകളും ജെഡിയു 43 സീറ്റുകളും നേടി. നിലവിൽ സ്ഥാനമൊഴിയുന്ന സർക്കാരിൽ ബിജെപിക്ക് 22 മന്ത്രിമാരുണ്ടായിരുന്നപ്പോൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് 12 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പതിനേഴാമത് ബിഹാർ നിയമസഭയുടെ കാലാവധി നവംബർ 22 ന് അവസാനിക്കാനിരിക്കെ, സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടന്നേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സഖ്യത്തിന്റെ വിജയത്തിനുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി പ്രസിഡന്റ് ജെ.പി.നദ്ദ, ബിജെപി ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ.സന്തോഷ് എന്നിവർ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് സർക്കാർ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്തതായാണ് ബിജെപിയുടെ അണിയറപ്രവർത്തകരിൽനിന്നും ലഭിക്കുന്ന വിവരം.
Also Read: ഡൽഹി സ്ഫോടനം; മുഖ്യപ്രതി ഉമറിനെ അനുഗമിച്ചയാൾ പിടിയിൽ
എൻഡിഎയുടെ വൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരണമെന്ന കാര്യത്തിൽ ആർക്കും എതിർപ്പില്ല. എന്നാൽ, ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരെ ജൻ സുരാജ് നേതാവ് പ്രശാന്ത് കിഷോറും പിന്നീട് മുൻ കേന്ദ്രമന്ത്രി ആർ.കെ.സിങ്ങും ഉന്നയിച്ച അഴിമതിയും ക്രമക്കേടും സംബന്ധിച്ച ആരോപണങ്ങൾ, അദ്ദേഹത്തെ വീണ്ടും അതേസ്ഥാനത്ത് നിലനിർത്തുമോ എന്ന ചോദ്യം ഉയർത്തുന്നുണ്ടെന്ന് പാർട്ടിക്കുള്ളിലെ വൃത്തങ്ങൾ പറഞ്ഞു.
Also Read: ഡൽഹി സ്ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
എന്നാൽ, എൻഡിഎയ്ക്ക് മൊത്തത്തിൽ ലഭിച്ച ഭൂരിപക്ഷവും താരാപൂരിൽ നിന്നുള്ള ചൗധരിയുടെ വിജയവും വോട്ടർമാർ ഈ ആരോപണങ്ങൾ മറന്നതിന്റെ തെളിവാണെന്നാണ് പാർട്ടിയിലെ മറ്റുള്ളവർ പറയുന്നത്. ബിഹാർ തിരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ മോദി നടത്തിയ പ്രസംഗത്തിൽ എൻഡിഎ നേതാക്കൾക്ക് നന്ദി പറഞ്ഞതിനൊപ്പം ചൗധരിയെയും സ്ഥാനമൊഴിയുന്ന സർക്കാരിലെ മറ്റൊരു ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയെയും പ്രധാനമന്ത്രി മോദി പരാമർശിച്ചതായി അവർ ചൂണ്ടിക്കാട്ടി.
Read More: ജമ്മു കശ്മീരിൽ പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം; 9 പേക്ക് ദാരുണാന്ത്യം; അപകടമെന്ന് ആഭ്യന്തര മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us