ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബീഹാർ ഗവർണറായ രാം നാഥ് കോവിന്ദ് ആണ് രാഷ്ട്രപതി സ്ഥാനാർത്ഥി. ന്യൂഡൽഹിയിൽ ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്. യോഗത്തിന് ശേഷം ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ യാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

രണ്ട് വട്ടം രാജ്യസഭാ അംഗമായിരുന്ന രാം നാഥ് കോവിന്ദ് നേരത്തേ ബിജെപി യുടെ ദളിത് മോർച്ച ദേശീയ അദ്ധ്യക്ഷനായിരുന്നു. ജനതാദൾ യു വിന്റെ പിന്തുണയോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് മുഴുവൻ സമയ ബിജെപി പ്രവർത്തകനായിരുന്ന രാം നാഥ് കോവിന്ദിനെ വിജയിപ്പിക്കാനാണ് സർക്കാർ ശ്രമം.

ഇദ്ദേഹം അഭിഭാഷകനായിരുന്നു. ബിജെപിയുടെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. 71 വയസ്സുള്ള ഇദ്ദേഹം കാൻ‌പൂർ സ്വദേശിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. അമിത് ഷായ്ക്ക് പുറമേ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു, അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, നിതിൻ ഗഡ്‌കരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നേരത്തേ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുൺ ജയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവരെ ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികളുമായി സമവായമുണ്ടാക്കുന്നതിന് വേണ്ടി നിയോഗിച്ചിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കളുമായും കേന്ദ്രമന്ത്രിമാർ സംസാരിച്ചിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചില്ല. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂവെന്നാണ് ഇവരെല്ലാം ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് ബിജെപി പാർലമെന്ററി സമിതി യോഗത്തിൽ തീരുമാനം എടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ