ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. പ്രളയത്തിലും കനത്ത മഴയിലും ബിഹാറിൽ മാത്രം മരിച്ചവരുടെ എണ്ണം 67 ആയി. സംസ്ഥാനത്തെ 12 ജില്ലകളിലായി 48 ലക്ഷം പേർ പ്രളയബാധിതരാണെന്നാണ് കണക്ക്. ബിഹാറിന് പുറമെ അയൽ അസമിലും ഉത്തർ പ്രദേശിലും ശക്തമായ മഴയിൽ വൻനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അസമിൽ 27 പേരും ഉത്തർപ്രദേശിൽ 17 പേരും മരണപ്പെട്ടു.

ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടമായത് സീതമർഹിയിലാണ്. 17 പേരാണ് ഈ പ്രദേശത്ത് മാത്രം മരണമടഞ്ഞത്. അരാരിയായിൽ 12ഉം, മധുബാനിയിൽ 11ഉം ഷിയോദറിൽ ഒമ്പതും പൂർണിയയിൽ ഏഴും ദർഭാഗയിൽ അഞ്ചും ആളുകൾ പ്രളയത്തിൽ മരണപ്പെട്ടു.

നേപ്പാളിലും കനത്ത മഴയിലും പ്രളയത്തിലും വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായത്. നേപ്പാളിൽ നിന്ന് അധികമായി ഒഴുകിയെത്തിയ വെള്ളമാണ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയത്തിന്റെ ആഘാതം കൂട്ടിയത്. 831 ഗ്രാമങ്ങളെ പ്രളയം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷം ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

വെള്ളമിറങ്ങി തുടങ്ങിയ സ്ഥലങ്ങളിൽ പകർച്ചവ്യാധികൾ ഉണ്ടാകാതെയിരിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിഹാറിന്റെ നിരവധി ജില്ലകൾ വെള്ളത്തിൽ മുങ്ങിനിൽക്കുമ്പോഴും മറുവശത്ത് മഴ ലഭിക്കാത്തതിനാൽ വരൾച്ചയുടെ വക്കിലാണ് മറ്റ് ജില്ലകൾ. പ്രളയത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കും മറ്റ് നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook