ന്യൂഡല്‍ഹി: ബിഹാറില്‍ കുട്ടികള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സംഭവത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ആരോഗ്യരംഗത്ത് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് കേന്ദ്ര സര്‍ക്കാരും ബിഹാറിലെ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയോട് വ്യക്തമാക്കണം. ഏഴ് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി എന്ത് ചെയ്തു, സംസ്ഥാനത്തെ ആരോഗ്യ രംഗത്തിനും ശുചിത്വ പരിപാടികള്‍ക്കും വേണ്ടി എന്തൊക്കെ നടപടികള്‍ പൂര്‍ത്തിയാക്കി എന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. മുസഫര്‍പുര്‍ ജില്ലയില്‍ 130 കുട്ടികളാണ് ഇതുവരെ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ വര്‍ഷം മാത്രം 560 കുട്ടികള്‍ മരിച്ചു.

Read Also: ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് മരണം

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആര്‍.ഗവായി എന്നിവരുടെ ബഞ്ചാണ് കേന്ദ്രത്തിനോടും ബിഹാര്‍ സര്‍ക്കാരിനോടും സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ മരിക്കുന്നത് ഇനിയും അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. മസ്തിഷ്ക ജ്വരം ബാധയുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

രോഗം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവരണ് പൊതുതാൽപര്യ ഹർജി നൽകിയത്. മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ലിച്ചിപ്പഴങ്ങളില്‍ നിന്നാണെന്ന സംശയത്തെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ഒഡീഷ സര്‍ക്കാര്‍ പഴങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ ചികിത്സയിലായിരിക്കുന്ന ആശുപത്രിയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സന്ദർശിച്ചിരുന്നു. എന്നാൽ, നിതീഷ് കുമാറിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. നിതീഷ് കുമാറിനോട് തിരിച്ചുപോകാൻ ആശുപത്രിയിലെ ജനങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ബിഹാറിലെ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook