നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിൽ സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൽ നിന്ന് ബിജെപി ശക്തമായ ആക്രമണം നേരിടുന്നതിനിടെ സംഭവത്തെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തികച്ചും ശരിയായ രീതിയിലുള്ള കാര്യമാണതെന്ന് മന്ത്രി പറഞ്ഞു.
“ഇത് ഒരു പ്രകടന പത്രികാ പ്രഖ്യാപനമാണ്. ഒരു പാർട്ടിക്ക് അവർ അധികാരത്തിൽ വരുമ്പോൾ എന്താണ് ചെയ്യുകയെന്ന് പ്രഖ്യാപിക്കാൻ കഴിയും. അതാണ് കൃത്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യം എന്നത് സംസ്ഥാനത്തിന്റെ വിഷയമാണ്. ഇത് തികച്ചും ശരിയായ രീതിയിലാണ്,” നിർമല സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അധികാരത്തിൽ വരുമ്പോൾ എന്തുചെയ്യുമെന്നാണ് ഓരോ പാർട്ടിയും അവരുടെ പ്രകടനപത്രികയിൽ വ്യക്തമാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മന്ത്രി നിർമല സീതാരാമനാണ് ഈ ആഴ്ച തുടക്കത്തിൽ ബീഹാർ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. “കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ബീഹാറിലെ എൻഡിഎ സർക്കാർ ഒരു മാതൃക മുന്നോട്ടുവച്ചിട്ടുണ്ട്. ഐസിഎംആറിൽ നിന്നുള്ള അനുമതികൾക്കുശേഷം കോവിഡിനെതിരായി ഒരു വാക്സിൻ ലഭ്യമാകുമ്പോൾ എല്ലാ ബീഹാർ നിവാസികൾക്കും സൗജന്യ വാക്സിനേഷൻ നൽകുമെന്നാണ് ഞങ്ങളുടെ വാഗ്ദാനം,” എന്ന് പാർട്ടിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഭരണകക്ഷി രാഷ്ട്രീയ നേട്ടങ്ങൾക്കായി കോവിഡ് മഹാമാരിയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Read More: സൗജന്യ കോവിഡ് വാക്സിന് ബിഹാറിൽ മാത്രമോ ? വെട്ടിലായി ബിജെപി
തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൗജന്യ വാക്സിൻ വാഗ്ദാനം ചെയ്യുന്നത് ബിജെപിയുടെ “നിരാശ” കാണിക്കുന്നുവെന്നും ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുമോ എന്നും പ്രതിപക്ഷം ആരാഞ്ഞിരുന്നു.
“കൊറോണ വാക്സിൻ രാജ്യത്തിന്റേതാണ്. അത് ബിജെപിയുടേതല്ല. രോഗത്തിൻറെയും മരണത്തിൻറെയും ഭയം വിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ലെന്നാണ് വാക്സിനിന്റെ രാഷ്ട്രീയ വൽക്കരണം കാണിക്കുന്നത്. ബീഹാറിലെ ജനങ്ങൾക്ക് ആത്മാഭിമാനമുണ്ട്, അവർ അവരുടെ മക്കളുടെ ഭാവി, കുറച്ച് ചില്ലിക്കാശിന് വേണ്ടി വിൽക്കുന്നില്ല,” എന്നാണ് ആർജെഡി പറഞ്ഞത്.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഭരണകക്ഷിക്കെതിരെ ഈ വിഷയത്തിൽ വിമർശനമുന്നയിച്ചിരുന്നു. “കേന്ദ്രസർക്കാരിന്റെ കോവിഡ് ലഭ്യതാ നയം പ്രഖ്യാപിച്ചു. തെറ്റായ ഒരു കൂട്ടം വാഗ്ദാനങ്ങൾക്കൊപ്പം അത് നിങ്ങൾക്ക് എപ്പോൾ ലഭിക്കുമെന്ന് അറിയാൻ സംസ്ഥാനാടിസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ദയവായി പരിശോധിക്കുക,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം, ബീഹാറിലെ ജനങ്ങൾക്ക് സൗജന്യ കോവിഡ് -19 വാക്സിൻ നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചതായിഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വോട്ടെടുപ്പ് പ്രകടന പത്രികയുമായി ബന്ധപ്പെട്ട് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെയുള്ള അനാവശ്യ സ്വാധീനമായി ഈ വാഗ്ദാനത്തെ കണക്കാക്കാമോ എന്ന ചോദ്യത്തിന്, “പൊതുനയ പ്രഖ്യാപനമോ പൊതു നടപടിയുടെ വാഗ്ദാനമോ” അത്തരത്തിൽ കാണാനാവില്ലെന്നാണ് കമ്മീഷൻ മറുപടി നൽകിയത്. ജന പ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read More: ‘Perfectly in order’: Sitharaman defends free Covid vaccine promise for Bihar amid Oppn backlash