ബീഹാറിൽ മഹാസഖ്യം രൂപീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടുന്നതിന് പ്രതിപക്ഷ കക്ഷികൾ ധാരണയിലെത്തി.ആർ‌ജെ‌ഡിയുടെ നേതൃത്വത്തിലാണ് മഹാസഖ്യം. സീറ്റ് പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട് സഖ്യത്തിലെ ഘടകകക്ഷികൾക്കിടയിൽ ധാരണയിലെത്തിയതായി ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് അറിയിച്ചു.

മഹാസഖ്യത്തിന്റെ ഭാഗമായി ആർ‌ജെഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലും മത്സരിക്കും. മൂന്ന് ഇടതുപാർട്ടികളായ സി‌പി‌ഐ-എം‌എൽ (19), സി‌പി‌ഐ (6), സി‌പി‌എം (4) എന്നിവയ്ക്ക് മൊത്തം 29 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്.

Read More: ഹാഥ്‌റസ്: സിബിഐ അന്വേഷിക്കും; രാഹുലും പ്രിയങ്കയും യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു

144 സീറ്റുകളിൽ മത്സരിക്കുന്ന ആർ‌ജെഡി ആറ് സീറ്റുകൾ മുകേഷ് സാഹ്നിയുടെ വികാസ്-ഷീൽ ഇൻസാൻ പാർട്ടിക്കും (വിഐപി) രണ്ട് സീറ്റുകൾ ഝാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) നൽകും. 243 അംഗ നിയമസഭയിൽ ആർ‌ജെ‌ഡിക്ക് നിലവിൽ 81 അംഗങ്ങളാണുള്ളത്.

“യുപിഎയുടെ എല്ലാ ഘടകകക്ഷികളും ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ ഭാഗമാവാൻ തീരുമാനിച്ചു. കോൺഗ്രസ്, ആർ‌ജെ‌ഡി, സി‌പി‌ഐ, സി‌പി‌എം, വികാസ്ഷീൽ ഇൻ‌സാൻ പാർട്ടി എന്നിവ ആർ‌ജെഡിയുടെ നേതൃത്വത്തിൽ ഈ സഖ്യത്തിന്റെ ഭാഗമാകും. തേജസ്വി യാദവിന്റെ കീഴിൽ ബീഹാർ മുന്നേറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസ് അഭിപ്രായപ്പെട്ടു.

Read More: ഗ്രാമത്തിനു രണ്ടര കിലോമീറ്റർ അകലെ ആദ്യ ബാരിക്കേഡ്, ചുറ്റിലും 300 പൊലീസ് ഉദ്യോഗസ്ഥർ; ഹാഥ്റസിൽ അതീവ സുരക്ഷ

വെള്ളിയാഴ്ച സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയും പാർട്ടിയുടെ ബീഹാർ യൂണിറ്റ് സെക്രട്ടറി കുനാലും ആർ‌ജെഡി നേതാവ് തേജസ്വിയെ സന്ദർശിച്ച് സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇടതുപക്ഷം 20 സീറ്റുകളായിരുന്നു ആവശ്യപ്പെട്ടത്. നേരത്തെ ആർ‌ജെഡി 15 സീറ്റുകളായിരുന്നു ഇടതുപക്ഷത്തിന് വാഗ്ദാനം ചെയ്തിരുന്നത്.

ഒക്ടോബർ നവംബർ മാസങ്ങളിലായാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. ഒക്ടോബർ 28, നവംബർ 3, നവംബർ ഏഴ് എന്നീ തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.

Read More: Bihar polls: Tejashwi announces Grand Alliance’s seat-sharing deal, Congress to contest from 70 seats

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook