പാട്‌ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെയൊട്ടാകെ ഉദ്വേഗത്തിലാക്കുന്നു. രാവിലെ തുടങ്ങിയ വോട്ടെണ്ണൽ ആദ്യ ലീഡ് മഹാസഖ്യത്തിനായിരുന്നു. പിന്നീട് ബിജെപി-ജെഡിയു സഖ്യം മേധാവിത്വം നേടുന്ന കാഴ്‌ചയാണ് കണ്ടത്. എൻഡിഎ മുന്നണി ഉച്ചയോടെ വ്യക്തമായ ലീഡിലേക്ക് എത്തിയിരുന്നു. വെെകീട്ട് ആറ് മണിയോടെ എൻഡിഎ അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. എന്നാൽ, അവസാന മണിക്കൂറുകളിലെ വോട്ടെണ്ണൽ എല്ലാം മാറ്റിമറിച്ചു.
Read Also: കോൺഗ്രസിന് 60 ൽ കൂടുതൽ സീറ്റുകൾ നൽകരുത്; ലാലു അന്ന് പറഞ്ഞത്
വെെകീട്ട് 7.30 ന് ലഭിച്ച കണക്കുകൾ അനുസരിച്ച് എൻഡിഎ 120 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 73 സീറ്റിലും ജെഡിയു 39 സീറ്റിലും ലീഡ് ചെയ്യുമ്പോൾ മറ്റുള്ളവർ ലീഡ് ചെയ്യുന്നത് എട്ട് സീറ്റുകളിൽ. മഹാസഖ്യം ലീഡ് നില ഉയർത്തി. ഇപ്പോൾ 115 സീറ്റുകളിലേക്ക് ഉയർന്നു. ആർജെഡി 77 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എന്നാൽ, 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 20 സീറ്റുകളിൽ മാത്രമാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇടത് പാർട്ടികളുടെ മുന്നേറ്റമാണ് മഹാസഖ്യത്തിൽ ശ്രദ്ധേയമാകുന്നത്. ഇടത് പാർട്ടികൾ 18 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 27 സീറ്റുകളിൽ മാത്രമാണ് ഇടത് പാർട്ടികൾ മഹാസഖ്യത്തിൽ മത്സരിച്ചത്.
എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ ബിജെപി ആഘോഷപ്രകടനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ, വെെകീട്ട് ഫലങ്ങൾ മാറിമറിഞ്ഞതോടെ ബിജെപി ഓഫീസുകളിൽ പ്രവർത്തകർ ആഘോഷപ്രകടനങ്ങൾ നിർത്തിവച്ചു.
‘വോട്ടെണ്ണൽ അവസാനിക്കുന്നതുവരെ കാത്തിരിക്കൂ, നമ്മൾ മുന്നേറും’ എന്നാണ് ആർജെഡി ക്യാംപുകളിൽ രാവിലെ മുതൽ നേതാക്കൾ നിർദേശം നൽകുന്നത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ള നേതാക്കൾ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ അധികാരത്തിലെത്തുമെന്ന് ആർജെഡി ക്യാംപ് ആവർത്തിക്കുന്നു.