പട്‌ന: സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപനവുമായി ബിജെപി. ബിഹാർ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലാണ് ബിജെപിയുടെ പ്രഖ്യാപനം. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ ഇത് വിവാദമായി.

കോവിഡ് വാക്‌സിൻ രാജ്യത്തിനു മുഴുവൻ അവകാശപ്പെട്ടതാണെന്ന് ആർജെഡി തിരിച്ചടിച്ചു. കോവിഡ് വാക്‌സിൻ ബിഹാറിലെ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നാണ് ബിജെപി മാനിഫെസ്റ്റോയിൽ പറയുന്നത്. ഇതിനെതിരെയാണ് രൂക്ഷ വിമർശനമുയർന്നിരിക്കുന്നത്.

“കോവിഡ് വാക്‌സിനെ പോലും രാഷ്‌ട്രീയമായി ഉപയോഗിക്കുന്നത് അവർക്ക് മറ്റൊന്നും അവകാശപ്പെടാൻ ഇല്ലാത്തതുകൊണ്ടാണ്. വാക്‌സിൻ ഈ രാജ്യത്തിനു മുഴുവൻ അവകാശപ്പെട്ടതാണ്, അത് ബിജെപിയുടെയല്ല. രോഗത്തിന്റെ മരണത്തിന്റെയും ഭയം വിൽക്കാനാണ് അവർ ശ്രമിക്കുന്നത്. ബിഹാറിലെ ജനങ്ങൾ ആത്മാഭിമാനമുള്ളവരാണ്,” ബിജെപിയുടെ മാനിഫെസ്റ്റോയ്‌ക്കെതിരെ ആർജെഡി ട്വീറ്റ് ചെയ്തു.

Read Also: സ്ത്രീകളെ ദുർഗാദേവിയെ പോലെ കണ്ട് ബഹുമാനിക്കണം: നരേന്ദ്ര മോദി

കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പിലാക്കുന്നതിനാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്ന് നിർമല പറഞ്ഞു. “വലിയ അളവിൽ കോവിഡ് ‌വാക്‌സിൻ പുറത്തിറക്കാൻ ഉടൻ സാധിക്കും. ബിഹാറിലെ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകും. ഇതാണ് ഞങ്ങളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ആദ്യത്തെ വാഗ്‌ദാനം,” നിർമല പറഞ്ഞു.

ബിഹാറിന്റെ വളർച്ചയും ഇന്ത്യയുടെ വളർച്ചയും അഭേദ്യമായി ബന്ധപ്പെട്ടതാണ്. എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ നിതീഷ് കുമാറിനെ എല്ലാവരും വിജയിപ്പിക്കണമെന്നും നിർമല സീതാരാമൻ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook