/indian-express-malayalam/media/media_files/2025/11/14/maithili-thakur-bihar-mla-2025-11-14-18-47-23.jpg)
Maithili Thakur
എൻഡിഎ സഖ്യം വമ്പൻ ജയത്തിലേക്ക് എത്തിയപ്പോൾ അലിനഗറിൽ നിന്ന് ജയിച്ച ബിജെപി സ്ഥാനാർഥി മൈഥിലി താക്കൂർ ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാവുന്നു. 25ാം വയസിൽ ആണ് മൈഥിലി ബിഹാർ അസംബ്ലിയിലേക്ക് എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഗായികയായ മൈഥിലിയെയാണ് ആർജെഡിയുടെ ബിനോദ് മിശ്രയ്ക്ക് എതിരെ ബിജെപി അലിനഗറിൽ സ്ഥാനാർഥിയാക്കിയത്.
"ഇതുപോലൊരു വിജയം തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്. ജനങ്ങളും പാർട്ടിയും ഹൃദയം തൊട്ടാണ് എന്നെ സ്നേഹിച്ചത്. ഇനി വരുന്ന അഞ്ച് വർഷവും ഞാൻ ജനങ്ങൾക്കൊപ്പം ഉണ്ടാവും. ഈ മണ്ണിന്റെ മകളാണ് ഞാൻ. ജനങ്ങളെ വോട്ടർമാരായല്ല ഞാൻ കണ്ടിരിക്കുന്നത്. എന്റെ കുടുംബമാണ് ഇത്. ജനങ്ങളും എന്നെ അവരുടെ കുടുംബാംഗമായാണ് കണ്ടത്. 25 വയസ് ആണ് എന്റെ പ്രായം. എന്നാൽ വരും ദിവസങ്ങളിൽ എന്റെ മികവ് തെളിയിക്കാൻ എനിക്ക് സാധിക്കും. ഉത്തരവാദിത്തമുള്ള പ്രാതിനിധ്യത്തിലൂടെ ഒരു മാതൃക സൃഷ്ടിക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്," വാർത്താ ഏജൻസിയായ പിടിഐയോട് മൈഥിലി പറഞ്ഞു.
Also Read: Bihar Assembly Election 2025: ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ തോൽവി; കാരണങ്ങൾ ഇവ
വികാസ്ശീൽ ഇൻസാൻ പാർട്ടിയിലെ മിശ്രി ലാൽ യാദവ് 2020ൽ ആർജെഡിയിലെ ബിനോദ് മിശ്രക്കെതിരെ നേരിയ ഭൂരിപക്ഷത്തിനാണ് അലിനഗർ സീറ്റ് പിടിച്ചത്. പിന്നീട് മിശ്രി ലാൽ യാദവ് ബിജെപിയിലേക്ക് മാറി. ഒരു ആക്രമണക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഈ വർഷം മെയിൽ യാദവിനെ എംഎൽഎ പദവിയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ബിജെപിയെ "ദളിത് വിരുദ്ധം" എന്ന് വിളിച്ചുകൊണ്ട് യാദവ് പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു.
ആരാണ് മൈഥിലി?
ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും, പ്രത്യേകിച്ചും ബിഹാറിൽ മൈഥിലി താക്കൂർ എന്നത് എല്ലാവർക്കും സുപരിചിതമായ ഒരു പേരാണ്. മൈഥിലി, ഭോജ്പുരി, ഹിന്ദി, സൂഫി പാരമ്പര്യങ്ങളിൽ വേരൂന്നിയുള്ള സംഗീതത്തിൽ കാണിക്കുന്ന മികവാണ് അതിന് കാരണം. പരമ്പരാഗതമായ സോഹറുകൾ, ഭോജ്പുരിയിലെ നിർഗുൺ ഗീതുകൾ, രാം സീതാ വിവാഹ് ഗീതുകൾ, ഭജനുകൾ, ഛഠ് ഗീതുകൾ, സെമി ക്ലാസിക്കൽ കജ്രികൾ, ഹോരികൾ, ചൈതികൾ, ഗസലുകൾ, സൂഫി ഗാനങ്ങൾ എന്നിവ ആലപിച്ചാണ് മൈഥിലി ശ്രദ്ധേയയാവുന്നത്.
Also Read:മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് യൂട്യൂബിൽ റിലീസ് ചെയ്ത രാമഭജൻ വീഡിയോകളിലൂടെ താക്കൂറിൻ്റെ പ്രശസ്തി വർധിച്ചിരുന്നു. നിലവിൽ യൂട്യൂബിൽ മൈഥിലിക്ക് 50 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരും, ഇൻസ്റ്റാഗ്രാമിൽ 60 ലക്ഷത്തിലധികം ഫോളോവേഴ്‌സും, ഫേസ്ബുക്കിൽ 1.4 കോടിയിലധികം ഫോളോവേഴ്‌സും ഉണ്ട്. ജാതി സമുദായ ഭേദമന്യേ എല്ലാവരേയും സ്വാധീനിക്കാൻ സാധിക്കുന്നു എന്നതാണ് മൈഥിലിയുടെ പ്രത്യേകത.
'അലിനഗർ സീതാനഗർ ആകും'
അലിനഗറിൽ ജയിച്ചാൽ സ്ഥലത്തിന്റെ പേര് സീതാ നഗർ എന്നാക്കി മാറ്റും എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൈഥിലി പറഞ്ഞിരുന്നു. ഇത് വിവാദത്തിന് ഇടയാക്കി. സമൂഹമാധ്യമങ്ങളിൽ മൈഥിലിയുടെ വാക്കുകൾ വൈറലായിരുന്നു. എന്നാൽ വിവാദം ശക്തമായതോടെ സ്ഥലത്തിന്റെ പേര് മാറ്റാനുള്ള ആശയം തന്റേതല്ല എന്ന് പറഞ്ഞ് മൈഥിലി വിവാദത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു.
Also Read:ബിഹാറിൽ ഏകപക്ഷീയ വിജയവുമായി എൻഡിഎ; ചിത്രത്തിൽ ഇല്ലാതെ ഇന്ത്യ സഖ്യം
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിത്യാനന്ദ് റായിയാണ് ഇങ്ങനെയൊരു നിർദേശം വെച്ചത് എന്നായിരുന്നു മൈഥിലിയുടെ വാദം. മിഥിലാഞ്ചലുമായി ബന്ധമുള്ള പേരാണ് മണ്ഡലത്തിന് വേണ്ടതെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ അതിനോട് യോജിച്ചത് എന്നും മൈഥലി പറഞ്ഞിരുന്നു.
Read More: നിതീഷ്, മഹിള വോട്ട്, സാമുദായിക സമവാക്യങ്ങൾ; ബിഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയരഹസ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us