പാറ്റ്‌ന: കോവിഡ് പ്രതിസന്ധിക്കിടെ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആരംഭം. ചൊവ്വാഴ്ച നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ വൈകിട്ട് അഞ്ച് മണിവരെ 52.24 ശതമാനം പോളിങ് രേഖപ്പെടുത്തി. 71മണ്ഡലങ്ങളിലായി രണ്ട് കോടിയിലേറെ ജനങ്ങളാണ് ഇന്ന് പോളിങ് സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

2015 നിയമസഭാ തിരഞ്ഞെടുപ്പിൽ 54.94 ശതമാനമായിരുന്നു ഒന്നാംഘട്ടത്തിലെ പോളിങ്.

ഒന്നാം ഘട്ട വോട്ടെടുപ്പിനു മുന്നോടിയായുള്ള പരസ്യ പ്രചാരണം തിങ്കളാഴ്‌ചയാണ് അവസാനിച്ചത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചും പലയിടത്തും തിരഞ്ഞെടുപ്പ് റാലികൾ നടന്നത് വലിയ വെല്ലുവിളിയായി. കോവിഡ് രോഗികൾക്കും രോഗലക്ഷണങ്ങളുള്ളവർക്കും 80 വയസ്സിനു മുകളിലുള്ളവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളായാണ് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടം നവംബർ മൂന്നിന്.  നവംബർ ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. നവംബർ പത്തിന് വോട്ടെണ്ണൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 15 ജില്ലകളിലായി 94 മണ്ഡലങ്ങളിലേക്കും മൂന്നാം ഘട്ടത്തിൽ 15 ജില്ലകളിലായി 78 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി ഒക്‌ടോബർ 29 ന് അവസാനിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിന് ഒരു മണിക്കൂർ നീട്ടി നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരി പടർന്നുപിടിച്ചതിനു ശേഷം രാജ്യത്ത് നടക്കാൻ പോകുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ബിഹാർ നിയമസഭയിലേക്കുള്ളത്.

Read Also: മമതയോടെ കൈ കൊടുക്കാം; ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒന്നിക്കുമ്പോൾ

വോട്ടിങ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുൻപും ശേഷവും സാനിറ്റൈസ് ചെയ്യും. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വെെകീട്ട് ആറ് വരെ നീളും. മാവോയിസ്റ്റ് ബാധിത മേഖലകളിൽ അഞ്ച് മണിക്ക് വോട്ടിങ് അവസാനിക്കും. പോളിങ് സ്റ്റേഷനുകൾക്ക് മുൻപിൽ തിരക്ക് ഉണ്ടാകരുത്. എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം വരി നിൽക്കേണ്ടത്. ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook