/indian-express-malayalam/media/media_files/2025/12/21/nithish-kumar121122-2025-12-21-08-04-51.jpg)
നിതീഷ് കുമാർ ഹിജാബ് മാറ്റുന്നതിൻറെ വീഡിയോ ദൃശ്യം
പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുവേദിയിൽ വെച്ച് ഹിജാബ് നീക്കം ചെയ്ത സംഭവത്തിന് ഇരയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല. പട്ന സദറിന് കീഴിലുള്ള സബൽപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യാനായിരുന്നു ഇവർക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ഡോക്ടർ ഹാജരായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്ചയായിരുന്നു ജോലിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി. ആരോഗ്യ വകുപ്പ് തീയതി നീട്ടി നൽകിയാൽ അതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ ഡോക്ടറുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
ഇതിനിടെ, സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് ജാർഖണ്ഡ് ആരോഗ്യമന്ത്രി ഡോ. ഇർഫാൻ അൻസാരി ഡോക്ടർക്ക് ജാർഖണ്ഡിൽ ഉയർന്ന ഉദ്യോഗം വാഗ്ദാനം ചെയ്തു. പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളത്തിൽ സർക്കാർ ജോലി, സർക്കാർ വസതി, ഇഷ്ടപ്പെട്ട സ്ഥലത്ത് നിയമനം എന്നിവയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. "ഞാൻ ആദ്യം ഒരു ഡോക്ടറാണ്, അതിനുശേഷമാണ് മന്ത്രിയാകുന്നത്. ഈ സംഭവം വൈദ്യസമൂഹത്തെയാകെ വേദനിപ്പിച്ചു. ഇത് ഇന്ത്യയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്," അൻസാരി പറഞ്ഞു.
Also Read:നിർത്തിയിട്ട ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചു; കരസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഡിസംബർ 15-നായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയിൽ നിന്ന് നിയമന ഉത്തരവ് കൈപ്പറ്റാനെത്തിയതായിരുന്നു ഡോക്ടർ. ഹിജാബ് ധരിച്ചെത്തിയ ഇവരെ കണ്ട നിതീഷ് കുമാർ "ഇതെന്താണ്?" എന്ന് ചോദിച്ചുകൊണ്ട് മുഖാവരണം മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിൽ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ആർജെഡിയും കോൺഗ്രസും മുഖ്യമന്ത്രിയുടെ മാനസികനിലയെ ചോദ്യം ചെയ്തു രംഗത്തെത്തി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ളവർ നിതീഷിന്റെ നടപടിയെ വിമർശിച്ചു. എന്നാൽ, ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരിൽ നിതീഷിനെ വിലയിരുത്തരുതെന്നും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ പരിഗണിക്കണമെന്നുമാണ് ജെഡിയുവിന്റെ നിലപാട്.
Also Read:ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ചെന്ന് പരാതി: എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ നടപടി
അതേസമയം, നിതീഷ് കുമാറിനെ ന്യായീകരിച്ച് ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ഇതൊരു "പിതൃനിർവിശേഷമായ സ്നേഹപ്രകടന മാത്രമാണെന്നും അച്ഛനും മകളും തമ്മിൽ എന്ത് തർക്കമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. നിതീഷ് കുമാർ പെൺകുട്ടികളെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
Read More:എസ്ഐആർ; തീയതി നീട്ടാൻ കേരളം നിവേദനം നൽകണമെന്ന് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us