പാറ്റ്‌ന: കനയ്യ കുമാറിന്റെ വരവ് പാര്‍ട്ടിക്ക് ‘പുതിയ ഊര്‍ജം’ പകരാനും ‘മന്ദതയില്‍നിന്ന് പുറത്തുകടക്കാനും’ വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ ബിഹാറിലെ കോണ്‍ഗ്രസ് നേതൃത്വം.
”കനയ്യ കുമാര്‍ ജനപ്രിയ നേതാവാണ്, മികച്ച പ്രഭാഷകനാണ്. അദ്ദേഹം തീര്‍ച്ചയായും പാര്‍ട്ടിയില്‍ ഊര്‍ജം പകരുകയും പാര്‍ട്ടി നിര്‍ജീവാവസ്ഥയില്‍നിന്ന് പുറത്തുകടക്കുകയും ചെയ്യും. താരപ്രചാരകനാണെന്നത് അദ്ദേഹം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തെളിയിക്കും,”
ബിഹാര്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൗകാബ് ക്വദ്രി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു,
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് കനയ്യയ്ക്ക് എതിര്‍പ്പ് നേരിടേണ്ടിവരുമോയെന്ന ചോദ്യത്തിന്, ”കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ടാണ് കനയ്യയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. അതിനാല്‍, അദ്ദേഹത്തിന്റെ വളര്‍ച്ചയെ ആരും തടയില്ല,”ക്വദ്രി പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ക്കു പാര്‍ട്ടി മതിയായ സമയം നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ‘പാര്‍ട്ടി ഇപ്പോള്‍ യുവ നേതൃത്വത്തെ ചുമതലയേല്‍പ്പിക്കുന്നുവെന്നും അതിനെ സ്വാഗതം ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു.
കനയ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ നേതൃത്വ ശേഷി പാര്‍ട്ടി പരമാവധി ഉപയോഗപ്പെടുത്തുമെന്നും എംഎല്‍സിയും നേതാവുമായ പ്രേം ചന്ദ്ര മിശ്ര പറഞ്ഞു.
മഹാ സഖ്യത്തില്‍, പ്രത്യേകിച്ച് ആര്‍ജെഡിയുമായുള്ള കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കാന്‍ കനയ്യ വഴിയൊരുക്കുമെന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു നേതാവ് പറഞ്ഞു. കനയ്യയുടെ ജനപ്രീതിയില്‍ ആര്‍ജെഡി എപ്പോഴും ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് നല്‍കുന്ന മൂല്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: കനയ്യ കുമാർ കോണ്‍ഗ്രസിൽ ചേർന്നു
അതേസമയം, കനയ്യ കുമാറിനു പാര്‍ട്ടിയില്‍ ഒരു പ്രമുഖ സ്ഥാനവും നല്‍കില്ലെന്ന് ബിഹാര്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ”കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നവ ഊര്‍ജം നല്‍കുന്നതിനായി പ്രവര്‍ത്തിക്കാന്‍ കനയ്യയ്ക്ക് താല്‍പ്പര്യമുണ്ട്. ഉയര്‍ന്ന ജാതി വിഭാഗങ്ങളെ പരിഗണിക്കുന്നതിനൊപ്പം തന്നെ മുസ്ലിങ്ങള്‍, ദലിതര്‍, യുവാക്കള്‍ എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ കനയ്ക്കു വിശാലമായ ആകര്‍ഷണമുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.