പട്‌ന: സംസ്ഥാനത്ത് സമ്പൂർണ മദ്യ നിരോധനം നടപ്പിലാക്കുമെന്ന വാക്കു പാലിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇപ്പോഴിതാ ഒരു പടി കൂടി കടന്നിരിക്കുന്നു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ബിഹാറിൽ മാത്രമല്ല, രാജ്യത്തിന് അകത്തും പുറത്തും എവിടേയും മദ്യപിക്കരുതെന്നാണ് നിതീഷിന്റെ പുതിയ നിയമമെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ പുതിയ നിയമം മൂലം വെട്ടിലായിരിക്കുകയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ.

മജിസ്ട്രേറ്റുമാർ, ബ്യൂറോക്രാറ്റുകൾ, ജഡ്‌ജിമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരെയെല്ലാം ലോകത്തിന്റെ ഏതു കോണിൽ വച്ച് മദ്യപിച്ചതിന് പിടിച്ചാലും അവർക്ക് ശിക്ഷ നൽകാനുളള നിയമം കഴിഞ്ഞയാഴ്‌ച ബിഹാർ മന്ത്രിസഭ പാസാക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ശമ്പളം കുറയ്‌ക്കുക തുടങ്ങി ഏതെങ്കിലും ശിക്ഷ അനുഭവിക്കേണ്ടി വരും! ചിലപ്പോൾ ജോലിയിൽ നിന്നു പിരിച്ചു വിട്ടേക്കും. സംസ്ഥാനത്തിന് പുറത്ത് ഡെപ്യൂട്ടേഷനിൽ ജോലി ആവശ്യത്തിനായി പോകുന്ന ഉദ്യോഗസ്ഥർക്കും മദ്യ ഉപഭോഗത്തിന് വിലക്കുണ്ട്.

ലാലു പ്രസാദ് യാദവിനും മറ്റ് പാർട്ടി നേതാക്കൾക്കുമൊപ്പം മദ്യ നിരോധനത്തിന് പിന്തുണയുമായി നിതീഷ് കുമാർ പട്‌നയിൽ​ മനുഷ്യ ചങ്ങല സംഘടിപ്പിച്ചിരുന്നു. മൂന്ന് കോടിയിലധികം ആളുകൾ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തുവെന്നാണ് നിതീഷ് അവകാശപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ