പാറ്റ്ന: ഭൂമി തർക്കത്തെ തുടർന്ന് ബിഎസ്‌പി സംസ്ഥാന ജനറൽ സെക്രട്ടറിയെ വെടിവച്ച് കൊന്നു. ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പത്ത് ദിവസത്തിനിടെ ഇത് രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് മേഖലയിൽ നടക്കുന്നത്.

കഴിഞ്ഞ ആഴ്ച ആർജെഡി നേതാവ് ദിന ഗോപെ ആണ് കൊല്ലപ്പെട്ടത്. ബുക്സറിൽ തങ്ങളുടെ ഉടമസ്ഥതയിലുളള മെഡിക്കൽ ഷോപ്പ് അടച്ച് വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ ബിഎസ്‌പി നേതാവ് ഖുണ്ഡി യാദവ് (45), ഇദ്ദേഹത്തിന്റെ മകൻ യശ്വന്ത് യാദവ് (17) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

തലയ്ക്ക് വെടിയേറ്റ ഖുണ്ഡി യാദവ് ആശുപത്രിയിലെത്തും മുൻപ് മരിച്ചു. മകന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കരിംപൂരിലെ കട അടച്ച ശേഷം ഇവർ കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റെയിൽവെ ക്രോസിൽ കാർ നിർത്തിയിട്ടപ്പോൾ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. യശ്വന്തിനെ പിന്നീട് വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് ബിഎസ്‌പി വലിയ പ്രക്ഷോഭത്തിനാണ് ഇതേ തുടർന്ന് തുടക്കമിട്ടിരിക്കുന്നത്. ഭൂമി തർക്കത്തെ തുടർന്നുളള ആക്രമണമാണിതെന്ന് ബുക്സർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ജഗദീഷ് പുർ പഞ്ചായത്ത് സർപഞ്ജ് ചിത്തരഞ്ജൻ ദാസും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ