പാറ്റ്ന: ദേശീയ പൗരത്വ രജിസ്റ്ററിനെ(എന്‍ആര്‍സി)തിരെ പ്രമേയം പാസാക്കി ബിഹാര്‍ നിയമസഭ . എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നു വ്യക്തമാക്കുന്ന പ്രമേയം ഐകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. 2010-ലെ രീതിയില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കുമെന്ന പ്രമേയവും സഭ പാസാക്കി.
എന്‍പിആര്‍ ഫോമുകളില്‍നിന്ന് വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കാൻ അനുമതി ചോദിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അപേക്ഷകന്റെ മാതാപിതാക്കളുടെ ജനനത്തിയതിയും സ്ഥലവും ഏറ്റവും പുതിയ വിലാസവും സംബന്ധിച്ച മൂന്ന് ചോദ്യങ്ങളാണ് എന്‍പിആര്‍ ഫോമില്‍ പുതുതായി ചേര്‍ത്തത്. ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കി.
Read Also: ഡൽഹി കലാപം: രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയിൽ പ്രാർഥനയുമായി അരവിന്ദ് കേജ്‌രിവാൾ
എന്‍ഡിഎ ഭരണത്തിലുള്ള ബിഹാറില്‍ മേയ് 15 മുതല്‍ 28 വരെയാണ്എന്‍പിആര്‍ വിവരശേഖരണം. സംസ്ഥാനത്ത് എന്‍പിആര്‍ എങ്ങനെ നടപ്പിലാക്കുമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമൊന്നുമില്ലെന്ന് ജെഡിയു നേതാവ് കൂടിയായ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. കൂടാതെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ചുള്ള വിവരം ആരായുന്ന ചോദ്യത്തെക്കുറിച്ചുള്ള ഭീതിയും അദ്ദേഹം തള്ളിക്കളഞ്ഞു.
ഫോമില്‍ ലിംഗം രേഖപ്പെടുത്താനുള്ള കോളത്തില്‍ ട്രാന്‍സ്ജെൻഡർ കൂടെ ചേര്‍ക്കണമെന്നും കേന്ദ്രസർക്കാരിനുള്ള കത്തില്‍ ബിഹാര്‍ ആവശ്യപ്പെട്ടു.പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ ജനസംഖ്യ രജിസ്റ്ററിനും എതിരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. സിഎഎ കരിനിയമമാണെന്ന് പ്രതിപക്ഷം ആരോപിച്ചതിനെത്തുടര്‍ന്ന് ബിജെപി എംഎല്‍എമാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇത് സഭയില്‍ ബഹളത്തിനിടയാക്കി.