scorecardresearch

‘അഗ്നിപഥി’ല്‍ പ്രതിഷേധം വ്യാപകം; കേരളത്തില്‍ നിന്നുള്ള ട്രെയിനിന് നേരെയും ആക്രമണം

പഴയ രീതി തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികളുടെ സമരം

Bihar protest
Photo: Screengrab

പട്ന: സായുധസേനകളിലേക്ക് നാല് വർഷത്തേക്ക് നിയമനം നൽകുന്ന കേന്ദ്രസർക്കാരിന്റെ നിർദിഷ്ട പദ്ധതിയായ ‘അഗ്നിപഥി’നെതിരെ പ്രതിഷേധം രൂക്ഷം. കേരളത്തില്‍ നിന്ന് പോയ ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ട നിസാമുദ്ദീന്‍ എക്സ്പ്രസിനെതിരെയാണ് ഗ്വാളിയോറില്‍ വച്ച് ആക്രമണമുണ്ടായത്. ട്രെയിനിന്റെ എസി കമ്പാര്‍ട്ടുമെന്റിന്റെ ജനല്‍ ചില്ലുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാറിൽ ഉദ്യോഗാർത്ഥികൾ റോഡ്, റെയിൽ ഗതാഗതം തടഞ്ഞു. കടകളും സ്വകാര്യ സ്ഥാപനങ്ങളും അടിച്ചു തകർത്തു. പഴയ രീതി തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികളുടെ സമരം. ആർക്കും ഇതുവരെ പരുക്കേറ്റതായി റിപ്പോർട്ടുകളിലെന്ന് പൊലീസ് പറഞ്ഞു.

“എന്താണ് നാല് വർഷത്തെ സർവീസ്? അവർ ഞങ്ങളെ ചെറുപ്പത്തിലേ വിരമിപ്പിക്കാനുള്ള പദ്ധതിയാണ്” ബിഹാറിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥിയായ മനോജ് കുമാർ പറഞ്ഞു.

അക്രമാസക്തരായ പ്രതിഷേധക്കാർ ആര ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ ട്രെയിനിന് തീവെച്ചു. ഉദ്യോഗാർത്ഥികളെ പിന്തിരിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടങ്ങൾ തകർത്ത പ്രതിഷേധക്കാർ പുഷ് അപ് എടുത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

ചിലയിടങ്ങളിൽ പ്രതിഷേധക്കാർ കടകൾ തകർത്തു. റോഡ് ഗതാഗതം തടഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ 25000 പൊലീസ് ഉദ്യോഗസ്ഥരെ റെയിൽവേ സ്റ്റേഷനുകളിലും മറ്റും നിയോഗിച്ചതായി ബീഹാർ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ചൊവ്വാഴ്ചയാണ് സൈനിക റിക്രൂട്ട്‌മെന്റില്‍ സുപ്രധാന പരിഷ്‌കരണമായി കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. കര, നാവിക, വ്യോമസേനകളിലേക്ക് നാല് വര്‍ഷത്തേക്കു സൈനികരെ നിയമിക്കുന്നതാണ് പദ്ധതി. ഇവർക്ക് പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ഉണ്ടാവില്ല. പദ്ധതിക്ക് കീഴിൽ നിയമനം നേടുന്ന 25 ശതമാനം പേർക്ക് മാത്രമേ നാല് വർഷത്തിന്‌ ശേഷവും സേനയുടെ ഭാഗമായിരിക്കാൻ സാധിക്കുകയുള്ളൂ.

Also Read: പതിനായിരം കടന്ന് കോവിഡ്; 24 മണിക്കൂറിൽ 12,213 പുതിയ രോഗികൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bihar aspirants agnipath protests disrupt rail road traffic