ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതി കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഇതിന്റെയൊന്നും ഫലം സാധാരണക്കാരിലേക്ക് പൂർണ്ണമായി എത്തുന്നില്ലെന്നതിന് പുതിയ തെളിവ്. ബിഹാറിൽ നിർദ്ധന യുവതി സർക്കാർ സഹായം ലഭിക്കാതെ വന്നതോടെ ഭിക്ഷയാചിച്ച പണം കൊണ്ട് ശൗചാലയം നിർമ്മിച്ചു.

വെളളപ്പൊക്ക ബാധിത കോശി പ്രദേശത്തെ ഉത്തര പാത്ര വില്ലേജിൽ താമസിക്കുന്ന ആമിന ഖാട്ടൂണാണ് അയൽ ഗ്രാമത്തിൽ ഭിക്ഷയാചിച്ച് നേടിയ പണം കൊണ്ട് ശൗചാലയം പണിതത്. ആമിനയുടെ ദൃഢനിശ്ചയത്തിന് മുന്നിൽ അമ്പരന്ന മേസ്തിരിയും സഹായിയും ശൗചാലയം കൂലി വാങ്ങാതെയാണ് നിർമ്മിച്ച് നൽകിയത്.

ശൗചാലയം നിർമ്മിച്ചതിന് പിന്നാലെ ആമിനയെ ജില്ലാ ഭരണകൂടം പ്രത്യേക ചടങ്ങിൽ ആദരിച്ചു. കൂലിത്തൊഴിലാളിയായ ആമിനയുടെ ഭർത്താവ് നേരത്തേ മരിച്ചുപോയിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു മകനും ഇവർക്കുണ്ട്.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതി നടത്തിപ്പിന്റെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ ആമിന സംസാരിച്ചത്. ശൗചാലയം നിർമ്മിക്കാൻ സഹായം തേടി ബ്ലോക്ക് തല ഓഫീസർമാരെ സന്ദർശിച്ചപ്പോൾ അവർ തന്നെ നിരുത്സാഹപ്പെടുത്തുകയും മടക്കി അയക്കുകയും ചെയ്തെന്നാണ് ആമിന കുറ്റപ്പെടുത്തിയത്.

തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. ഇവിടുത്തെ ഒരു ജില്ല പോലും സമ്പൂർണ്ണ ശൗചാലയ ജില്ലയായി പേരെടുത്തിട്ടില്ല. എല്ലായിടത്തും ഇപ്പോഴും തുറസായ സ്ഥലത്താണ് മലമൂത്ര വിസർജനം നടക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിൽ ഇവിടുത്തെ ഉദ്യോഗസ്ഥർ മടികാണിക്കുന്നതായാണ് റിപ്പോർട്ട്. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ 2019 ഒക്ടോബർ 2 ന് മുൻപ് സമ്പൂർണ്ണ ശൗചാലയ പദവിയിലേക്ക് എത്താനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ