ന്യൂഡല്‍ഹി : ബിഹാറില്‍ ഓടുന്ന ബസ്സിന് തീപ്പിടിച്ചു. ഇരുപതോളം പേര്‍ മരണപ്പെട്ടതായി സംശയിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാറിലെ ചമ്പാരണ്‍ ജില്ലയിലാണ് സംഭവം.

മുസാഫര്‍പൂറില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജ് ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്.

പട്നയ്ക്ക് എഴുപത്തിയഞ്ച് കിലോമീറ്റര്‍ അപ്പുറത്തായി ദേശീയ പാത 28ലാണ് അപകടം നടക്കുന്നത്. കൊട്ട്വ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. അപകടത്തില്‍ പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപം വീതം ധനസഹായം നല്‍കുമെന്ന് ബിഹാര്‍ മന്ത്രി ദിനേശ് ചന്ദ്ര യാദവ് പറഞ്ഞു.

ബസ്സിലുണ്ടായിരുന്നതില്‍ ആറോ ഏഴോപേര്‍ തീപിടിച്ചപ്പോള്‍ രക്ഷപ്പെട്ടതായാണ്ഡെപ്യൂട്ടി പൊലീസ് സുപ്രിണ്ടണ്ട് (സര്‍ദര്‍) മുരളി മനോഹര്‍ മഞ്ജി വ്യക്തമാക്കിയത്. രക്ഷപ്പെട്ടവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബസ്സിലെ മുപ്പത്തിരണ്ട് സീറ്റുകളില്‍ ആളുണ്ടായിരുന്നു. ഇതിലെത്രപേര്‍ അപകടസമയത്ത് ബാസ്സിലുണ്ടായിരുന്നു എന്ന് ഇതുവരേക്കും വ്യക്തമല്ല. ഇരുപത് പേര്‍ മരണപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook