ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 4,213 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനവാണിത്. ഇതുവരെ 67,152 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20,917 പേർ സുഖം പ്രാപിച്ചു. 44,029 പേർ ഇപ്പോഴും ചികിത്സയിലാണ്. മരണസംഖ്യ 2,206.

കഴിഞ്ഞ മാസം അവസാനം കേന്ദ്രസർക്കാർ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിൽ മെയ് 15നകം 65,000 കോവിഡ് കേസുകൾ രാജ്യത്ത് രേഖപ്പെടുത്തുമെന്നായിരുന്നു വിലയിരുത്ത. എന്നാൽ സർക്കാരിന്റെ കണക്കുകൾക്കും അപ്പുറമാണ് നിലവിൽ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം.

Read More: ലോക്ക്ഡൗൺ: പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിൽ ഇന്ന് ചർച്ച

അതേസമയം ലോക്ക്ഡൗൺ 3.0 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തും. കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിമാരുമായുള്ള, പ്രധാനമന്ത്രിയുടെ അഞ്ചാമത് വീഡിയോ കോൺഫറൻസ് ചർച്ചയാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ചചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Read More: നാളെ മുതൽ കേരളത്തിലേക്കടക്കം ട്രെയിൻ സർവീസുകൾ: അറിയേണ്ടതെല്ലാം

നാളെ മുതൽ ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് സർവീസ് ആരംഭിക്കുക. ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനുകളായാണ് സർവീസുകൾ ആരംഭിക്കുക. തിരുവനന്തപുരം, ബംഗലൂരു, ദിബ്രുഗഡ്, പട്ന, ജമ്മുതാവി, ബിലാസ്പൂർ, റാഞ്ചി, ഭുബനേശ്വർ, സികന്ദ്രാബാദ്, മഡ്ഗാവ്, അഹമ്മദാബാദ്, മുംബൈ സെൻട്രൽ, ചെന്നൈ, ഹൌറ, അഗർത്തല എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക.

Read More: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്; മരണം 2.83 ലക്ഷം

ആഗോളതലത്തിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ലോകത്ത് രോഗബാധിതരുടെ എണ്ണം 42 ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 41,80,137പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,83,852 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 14,90,590 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ 13.5 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു, 80,000ത്തിലേറെ ആളുകൾ മരണമടഞ്ഞു. അമേരിക്കയിൽ രോഗം പകരുന്നത് പ്രതിരോധിക്കുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാജയപ്പെട്ടെന്നാരോപിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook