ന്യൂഡെല്‍ഹി: ബിഗ് ബോസിലെ വിവാദ മത്സരാര്‍ത്ഥിയും സ്ത്രീകളോട് മോശമായ പെരുമാറ്റത്തിന്റെ പേരില്‍ കുപ്രശസ്തനുമായ സ്വാമി ഓമിനെതിരെ പീഡനശ്രമത്തിന് പരാതി. യുവതിയെ കടന്നുപിടിച്ച് വസ്ത്രം വലിച്ച് കീറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സ്വാമിയും സഹായിയും തന്റെ വ്സ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. സ്വാമിയുടെയും സഹായിയുടെയും പേരില്‍ ദില്ലി ഐപി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏഴാം തീയതി രാജ്ഘട്ടില്‍വച്ച് സ്വാമിയും സഹായി സന്തോഷ് ആനന്ദും ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് യുവതിയെ ഇവരുടെ മുറിയിലേക്ക് കൊണ്ടുപോവുകയും വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയും ആയിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഓം സ്വാമി. ഷോയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഇയാളെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പേരില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. തിങ്കളാഴ്ച മജിസ്‌ട്രേറ്റിനുമുന്നില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.