അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം വീണ്ടും മലയാളിക്ക്. കണ്ണൂർ സ്വദേശിയടങ്ങുന്ന മൂന്നംഗ സംഘം ചേർന്നെടുത്ത ടിക്കറ്റിനാണ് ബംപർ സമ്മാനമടിച്ചത്. ഏകദേശം 41 കോടി രൂപയ്ക്ക് തുല്ല്യമായ 20 ദശലക്ഷം ദിർഹത്തിന് കണ്ണൂർ സ്വദേശി ജിജേഷ് കൊറോത്തും സുഹൃത്തുക്കളുമാണ് അർഹരായത്. കഴിഞ്ഞ ആറു മാസമായി ഇവർ ടിക്കറ്റെടുത്തിരുന്നു.

രണ്ടും മൂന്നും സമ്മാനവും ഇന്ത്യക്കാർക്കാണ്. ഒരു ലക്ഷം ദിർഹത്തിന് രഘു പ്രസാദും 50000 ദിർഹത്തിന് അനീഷ് തമ്പിയുമാണ് അർഹരായത്.

041779 എന്ന നമ്പറിലൂടെയാണ് ജിജേഷിനെയും സംഘത്തെയും ഭാഗ്യം തേടിവന്നത്. കഴിഞ്ഞ 15 വർഷമായി റാസ് അല്‍ ഖൈമയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജിജേഷ് അത്ഭുതമെന്നായിരുന്നു ജാക്ക്പോട്ട് വിജയത്തെക്കുറിച്ച് പ്രതികരിച്ചത്.

“ഇതൊരു ദുഷ്‌കരമായ ഒരു മാസമാണ്. എനിക്ക് തീരെ ജോലിയില്ല. വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു, എന്റെ കുടുംബത്തെ തിരിച്ചയക്കാൻ വരെ തീരുമാനിച്ചതാണ്. ഈ വിജയം ഒരു അത്ഭുതമല്ലാതെ മറ്റൊന്നുമല്ല,” വിജയത്തെക്കുറിച്ച് ജിജേഷ് പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ മാസം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ചതും ഒരു ഇന്ത്യക്കാരനായിരുന്നു. മോഹന്‍ കുമാര്‍ ചന്ദ്രദാസിനാണ് 20 കോടി രൂപയ്ക്ക് തുല്യമായ 10 ദലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. പത്ത് സമ്മാനങ്ങളില്‍ ഏഴും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook