ന്യൂഡൽഹി: പരസ്‍പര സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377-ാം വകുപ്പിലെ 16-ാം അധ്യായം ഭരണഘടന വിരുദ്ധമെന്ന് സുപ്രീം കോടതി കണ്ടെത്തി. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി. ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്റെ യോജിച്ചുള്ള വിധി ചീഫ് ജസ്റ്റിസാണ് പ്രസ്താവിച്ചത്. മർമ്മ പ്രധാനമായ കാര്യങ്ങളാണ് വിധി പ്രസ്‍താവനയിൽ ജഡ്ജിമാർ ചൂണ്ടികാട്ടിയത്.

1. ‘എൽജിബിറ്റി സമൂഹത്തെ ഉപദ്രവിക്കാനും മാറ്റിനിർത്താനുമാണ് 377-ാം വകുപ്പ് ഉപയോഗിച്ച് പോന്നിരുന്നത്’

2. ‘എൽജിബിറ്റി സമൂഹത്തിന് മറ്റെല്ലാവർക്കുമുള്ള അവകാശങ്ങളുണ്ട്. ഭരണഘടന അവകാശം നിർണ്ണയിക്കേണ്ടത് ഭൂരിപക്ഷസദാചാരം വച്ചാകരുത്’

3. ‘ഒരാൾ എന്താണോ അതുപോലെ ജീവിക്കണം. ഒരാൾക്കും അയാളുടെ വ്യക്തിത്വത്തിൽനിന്ന് ഒളിച്ചോടാനാകില്ല’

4. ‘ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത്’

5. ‘സ്വവർഗ്ഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല’

6. ‘എ.പി.സി-377 യുക്തിരഹിതവും ഏകപക്ഷിയവും’

7. ‘വൈവിദ്യത്തിന്റെ ശക്തിയെ മാനിക്കണം’

8. ‘സ്വകാര്യത മൗലികാവകാശമാണ്. എല്ലാവര്‍ക്കും പങ്കാളികളെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്’

9. ‘സ്വവർഗ ലൈംഗികത മാനസിക വൈകല്യമല്ല’

10. ‘സമൂഹത്തിന്റെ മൂല്യങ്ങൾ വ്യക്തിസ്വാതന്ത്ര്യം ഹനിക്കരുത്’

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ