അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാട്ടിലെത്തി. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പൊയുയോഗത്തില്‍ മോദിക്കൊപ്പം ബിജെപി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുന്നുണ്ട്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയില്‍ ആദരമര്‍പ്പിച്ച ശേഷമാണ് മോദി പൊതുയോഗത്തില്‍ പങ്കെടുത്തത്. പൊതുയോഗത്തിന് ശേഷം മോദി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തും.

ജനങ്ങളെഴുതിയ വിധി വലിയ ഉത്തരവാദിത്തമാണ് തന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നത് എന്ന് മോദി അഹമ്മദാബാദില്‍ പറഞ്ഞു. ആറാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തന്നെ താന്‍ പരസ്യമായി പറഞ്ഞതാണ് 300 ലേറെ സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന്. എന്നാല്‍, അന്ന് എല്ലാവരും തന്നെ പരിഹസിച്ചു. ഇപ്പോള്‍ ജനവിധി എല്ലാവര്‍ക്കും അറിയാമെന്നും മോദി പറഞ്ഞു. ഇത് ചരിത്രപരമായ വിധിയെഴുത്താണ്. ശക്തവും സുദൃഢവുമായി ഒരു സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിച്ചു എന്നും മോദി പറഞ്ഞു. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ ജനങ്ങൾക്കും മോദി നന്ദി പറഞ്ഞു.
Read More: ജെയ്റ്റ്‍ലിയുടെ ആരോഗ്യനില വഷളാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രം
അതേസമയം, നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കും. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക . രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ് ചെയ്തത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുതിയ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലികൊടുക്കും. കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്ര മോദി പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.
വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന പങ്കെടുക്കുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. മറ്റ് വിദേശ പ്രതിനിധികളുടെ സൌകര്യവും ഒഴിവും ആരാഞ്ഞ് വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ ഔദ്യോഗിക ക്ഷണക്കത്തുകളയക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞക്ക് മുന്നോടിയായി പുതിയ മന്ത്രിസഭ രൂപീകരണം തീരുമാനിക്കേണ്ടതുണ്ട്. നിലവിലെ മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണിയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മോദിയുടെ ആദ്യ വിദേശ യാത്ര മാലിദ്വീപിലേക്കാണെന്നാണ് സൂചന. അടുത്ത മാസം ആദ്യത്തോടെ മോദി മാലിദ്വീപിലേക്ക് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും മാലിദ്വീപ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2014ല്‍ പ്രധാനമന്ത്രി ആയ ശേഷം മോദി ആദ്യമായി സന്ദര്‍ശിച്ച രാജ്യം ഭൂട്ടാന്‍ ആയിരുന്നു. ജൂണ്‍ ആദ്യ വാരത്തോടെയാണ് മോദി മാലിദ്വീപില്‍ പോകുന്നതെന്നാണ് വിവരം.