ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ ഉലഞ്ഞ് നില്‍ക്കുന്ന ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കാൻ പാചക വാതകത്തിന്റെ വിലയിലും വര്‍ധനവ്. ഗാര്‍ഹിക വാതക സിലിണ്ടറിന് 49 രൂപയാണ് കുത്തനെ കൂട്ടിയിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78.50 രൂപയും കൂട്ടി.

വില വര്‍ധനവോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും വാണിജ്യ സിലിണ്ടറിന്റെ വില 1229.50 രൂപയുമായി ഉയര്‍ന്നു. ആഗോള വിപണിയില്‍ ഇന്ധനവില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവതകത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, സബ്സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് 190.66 രൂപ തിരികെ അക്കൗണ്ടില്‍ എത്തും. ഫലത്തില്‍ 497.84 രൂപയാണ് ഗാര്‍ഹിക വാതക സിലിണ്ടറിന് വിലയാവുക.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

നേരത്തെ കര്‍ണാടക ഉപതിരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചായി 16 ദിവസമാണ് ഇന്ധനവിലയില്‍ രാജ്യത്ത് വര്‍ധന ഉണ്ടായത്. പ്രതിഷേധങ്ങള്‍ കനത്തതോടെ കേന്ദ്രനിര്‍ദ്ദേശപ്രകാരം ഒരു പൈസയാണ് എണ്ണകമ്പനികള്‍ ഇന്ധനവിലയില്‍ കുറച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ