/indian-express-malayalam/media/media_files/uploads/2017/04/pratham-759.jpg)
ബെംഗളൂരു: ഫെയ്സ്ബുക്ക് ലൈവിലൂടെ വൈകാരികമായി സംസാരിച്ച ശേഷം റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയുടെ നാലാം പതിപ്പ് വിജയിയും നടനുമായ പ്രതം ആത്മഹത്യ ശ്രമം നടത്തി. ഉറക്കഗുളികകൾ കഴിച്ച ശേഷം ബെംഗളൂരു ബസവേശ്വർ നഗറിലെ വസതിയിൽ നിന്നാണ് പ്രതം ഫെയ്സ്ബുക്കിൽ ലൈവ് പോയത്.
സുഹൃത്ത് ലോകേഷിനെതിരായാണ് പ്രതം കുറ്റം ആരോപിച്ചത്. ഫെയ്സ്ബുക്ക് ലൈവിലൂടെ ലോകത്തെ സാക്ഷിയാക്കി മുംബൈയിൽ ആത്മഹത്യ ചെയ്ത അർജുൻ ഭരദ്വാജിന്റെ മരണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു പ്രതമിന്റെ ആത്മഹത്യ ശ്രമവും.
സുഹൃത്ത് ലോകേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചതായി പ്രതം തത്സമയ വീഡിയോ ദൃശ്യത്തിൽ പറഞ്ഞു. "എനിക്കിനിയും ലോകേഷിന്റെ പീഡനങ്ങൾ താങ്ങാനുള്ള ശേഷിയില്ല. എനിക്കിനിയും ചാനലിൽ നിന്ന് സമ്മാനത്തുക ലഭിച്ചിട്ടില്ല. പക്ഷെ ഒരുപാട് പേർ എന്നോട് എപ്പോഴാണ് അവർക്ക് നൽകുമെന്ന പറഞ്ഞ തുക നൽകുകയെന്ന് ചോദിക്കുന്നുണ്ട്." തന്നെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും പ്രതം വിമർശിക്കുന്നുണ്ട്.
കന്നഡ ബിഗ് ബോസ് പരിപാടിയിൽ വിജയിച്ച് ലഭിക്കുന്ന തുക സംഭാവനയായി നൽകുമെന്നാണ് പ്രതം നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിജയിച്ച ശേഷം പലരും നിരന്തരം വിളിച്ച് പണം ചോദിച്ചിരുന്നു. ഈയിടയ്ക്കാണ് സമ്മാനത്തുകയുടെ ചെക്ക് തനിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കിയ പ്രതം "ഒരു രൂപ പോലും ഞാൻ എടുക്കില്ലെന്ന്" ലൈവ് വീഡിയോയിൽ പറഞ്ഞു.
എന്നാൽ ലോകേഷ് തന്റെ പേര് ദുരുപയോഗം ചെയ്തുവെന്നും സമൂഹമധ്യത്തിൽ മോശക്കാരനാക്കിയെന്നും പ്രതം കുറ്റപ്പെടുത്തി. "ഞാൻ ചെയ്തതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഇനിയും എനിക്കിതൊന്നും സഹിക്കാൻ സാധിക്കില്ല. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഇതെന്റെ അവസാനത്തെ ഫെയ്സ്ബുക്ക് ലൈവാകും" അദ്ദേഹം പറഞ്ഞു.
ലൈവ് വീഡിയോ അവസാനിപ്പിക്കുന്നതിന് മുൻപ് "ഒരു അനാഥമന്ദിരത്തിന്റെ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ 60000 രൂപ ആവശ്യപ്പെട്ടെന്ന അവരുടെ പ്രചാരണം തെറ്റാണ്" എന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ ഫെയ്സ്ബുക്കിൽ പറയുന്ന കാര്യങ്ങൾ പോലും തെറ്റായി വ്യഖ്യാനിക്കുകയാണ്. ഒരിക്കലും ആത്മഹത്യ ചെയ്യണമെന്ന് കരുതിയതല്ല. പക്ഷെ ഇത് ഇവർക്കെല്ലാം ഒരു പാഠമാകണം" അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ച പ്രതമിന്റെ നില ഇപ്പോൾ ഭേദപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഇത് പ്രശസ്തനാകാനും അനുകമ്പ പിടിച്ചുപറ്റാനുമുള്ള ശ്രമമാണെന്നും ആരോപണങ്ങളുണ്ട്. മുംബൈയിലെ നർസി മോഞ്ചീ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി അർജുൻ ഭരദ്വാജിന്റെ ആത്മഹത്യയ്ക്ക് സമാനമായാണ് പ്രതമിന്റെ ആത്മഹത്യ ശ്രമവും. ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത ശേഷം, "എങ്ങിനെ ആത്മഹത്യ ചെയ്യാം"എന്ന് ഘട്ടം ഘട്ടമായി വിശദീകരിച്ചാണ് അർജുൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.