ഭുവനേശ്വർ: അക്രമാസക്തരായി സ്ത്രീകളോട് പെരുമാറുകയും തുടർന്ന് അവരെ വിവസ്ത്രയാക്കി ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ ഇടുകയും ചെയ്യുന്ന കുറ്റകൃത്യം വർധിക്കുന്നതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്. 2014 ൽ 18 ശതമാനമായിരുന്നെങ്കിൽ 2016 ൽ ഇത് 22 ശതമാനമായി കൂടി. സ്ത്രീകൾക്ക് നേരെയുള്ള കുറ്റ കൃത്യങ്ങളുടെ പട്ടികയിൽ പൊലീസ് റെക്കോർഡിൽ പുതിയ കുറ്റവിഭാഗമാണിത്.

“ഞാനതു മറക്കാൻ ആഗ്രഹിക്കുന്നു…അത്രമാത്രം ഞാൻ അപമാനിക്കപ്പെട്ടു കഴിഞ്ഞു” ഭുവനേശ്വറിൽ കഴിഞ്ഞ മാസം ആക്രമിക്കപ്പെട്ട് ആൾക്കൂട്ടത്തിനു നടുവിൽ വിവസ്ത്രയാക്കപ്പെട്ട പെൺകുട്ടി പറയുന്നു.

ഒഡിഷയിൽ ‘വൈറൽ’ ആവുകയാണ് ഈ പുതിയ ആക്രമണ ശൈലി. പെൺകുട്ടികളെ ആൺകുട്ടികളോടൊത്തു പൊതു സ്ഥലങ്ങളിൽ കണ്ടാൽ അവൾ മോശം സ്വഭാവമുള്ളവളാണെന്നു സ്വയം ധരിക്കുകയാണ് സമൂഹം. പിന്നീട് സംഘം ചേർന്ന് ആക്രമണവും അപമാനിക്കലുമാണ്. 2016 ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് മൊത്തം റജിസ്റ്റർ ചെയ്ത ഇത്തരം കേസുകളുടെ 22 ശതമാനവും ഒഡിഷയിലാണ്.

പൊലീസിനെപോലും അതിശയപ്പെടുത്തിയിരിക്കുകയാണ് ഇത്. മാത്രമല്ല ഈ പ്രവണത വർധിച്ചു വരികയുമാണ്. ഇത്തരം കുറ്റകൃത്യ വാസന എന്തുകൊണ്ട് വർധിച്ചു വരുന്നു എന്ന കാര്യം സാമൂഹ്യ ശാസ്ത്രജ്ഞന്മാർ പരിശോധിക്കേണ്ട സംഗതിയാണെന്നു ഭുവനേശ്വർ പൊലീസ് സൂപ്രണ്ട് വൈ.ബി.ഖുറാനിയ പറഞ്ഞു.

ഇത്തരം കുറ്റകൃത്യം വർധിച്ചു വരുന്നു എന്ന് തന്നെയാണ് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെയും അഭിപ്രായം. 2016 ൽ 40 പെൺകുട്ടികൾ ഇത്തരം അക്രമത്തിനു വിധേയരായിട്ടുണ്ടെങ്കിൽ ഈ വർഷം ഇത് 93 ആണ് എന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞിരുന്നു.

Readin English

ബാരിപദാ, ബർഗർഹ്, ഭുവനേശ്വർ എന്നിവിടങ്ങളിലെല്ലാം ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികൾ സ്വന്തക്കാരോടൊപ്പമല്ല എന്ന് കണ്ടപ്പോഴായിരുന്നു ആക്രമണം എന്ന് പൊലീസ് വിശദീകരിക്കുന്നു.

പൊതുവെ നിരക്ഷരതയും ജന്മിത്ത ചിന്താഗതിയുമുള്ള ഒരു സമൂഹത്തിൽ മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യ എളുപ്പം ലഭിക്കുന്നതിനുള്ള സാഹചര്യം സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുകയാണെന്നു ഒഡിഷയിലെ സാമൂഹ്യ പ്രവർത്തക ഹിരണ്മയി മിശ്ര ചൂണ്ടിക്കാട്ടുന്നു.

2016 ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കു പ്രകാരം സ്ത്രീൾക്കു നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഒഡിഷ . 2015 ൽ ലൈംഗികാതിക്രമത്തിൻറെ കാര്യത്തിൽ സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ നിന്നതും ഒഡിഷ തന്നെ . ദേശീയ ശരാശരി 21 .4 ആയിരുന്നെങ്കിൽ ഒഡിഷയിൽ ഇത് ആ വർഷം 22 .2 ആയിരുന്നുവെന്ന് ഒഡിഷ വനിതാകമ്മീഷൻ അധ്യക്ഷ ലോപമുദ്ര ഭക്ഷിപത്ര വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ അവബോധം വർധിച്ചതു മൂലമാകാം ലൈംഗീകാതിക്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നത് വർധിച്ചതായും അവർ പറഞ്ഞു .

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ