ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ. കോണ്‍ഗ്രസിന് തനത് ശൈലി നഷ്ടമായെന്നും ഹൂഡ പറഞ്ഞു. ഇതോടെ ഹരിയാന കോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. പരിവര്‍ത്തന്‍ റാലിയിലായിരുന്നു ഹൂഡയുടെ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തെ താന്‍ പിന്തുണയ്ക്കുന്നു. പക്ഷെ കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്താണ് ചെയ്തതെന്നാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാരിനോട് ചോദിക്കാനുള്ളത്. കേന്ദ്രത്തിന്റെ തീരുമാനത്തിന് പിന്നിലൊളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ശരിയായത് ചെയ്താല്‍ താന്‍ പിന്തുണയ്ക്കുെന്നും ദേശീയതയുടേയും അഭിമാനത്തിന്റേയും കാര്യത്തില്‍ താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഹൂഡ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തന്റെ സഹപ്രവര്‍ത്തകരില്‍ പലരും എതിര്‍ത്തു. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല, ശൈലി നഷ്ടപ്പെട്ടുവെന്നും പറഞ്ഞ ഹൂഡ 13 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും പറഞ്ഞു.

അതേസമയം ഭാവിയെ കുറിച്ചുള്ള തീരുമാനം റാലിക്ക് ശേഷം അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹൂഡ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കണ്ടതിന് ശേഷമാണ് റാലിയുമായി മുന്നോട്ട് പോയത്. ബിജെപി.ക്കെതിരായ റാലിയെന്നാണ് പ്രഖ്യപിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിന് വിരുദ്ധരായ നേതാക്കളെയൊന്നും റാലിക്ക് ക്ഷണിച്ചിട്ടില്ല. അതേ സമയം ഹൂഡയെ പിന്തുണക്കുന്ന പന്ത്രണ്ട് എംഎല്‍എമാരാണ് റാലിക്ക് നേതൃത്വം കൊടുക്കുന്നത്.

Read Here: News

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook