‘പൗരത്വബില്‍ പാസാക്കുമ്പോള്‍ അച്ഛന്‍ പേരും വാക്കുകളും ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്, പൗരത്വബില്ലിനെ എതിര്‍ത്ത് കൊണ്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകളെ കുറച്ചു കാണുന്നതിന് തുല്യമാണ്’ എന്ന് ഭൂപെന്‍ ഹസാരികയുടെ മകന്‍ തേജ്.

“ഭാരതരത്നയും നീളമുള്ള പാലങ്ങളും ഒക്കെ ആവശ്യമാണ് എന്നിരിക്കെത്തന്നെ, അത് രാഷ്ട്രത്തിന്റെ പൗരന്‍മാര്‍ക്ക് ശാന്തിയും സമൃദ്ധിയും നല്‍കണം എന്നില്ല. നേതാക്കളുടെ ഭാഗത്ത്‌ നിന്നുള്ള ദീര്‍ഘദൃഷ്‌ടിയുള്ള തീരുമാനങ്ങളാണ് അത് കൊണ്ട് വരിക. അച്ഛന് വേണ്ടി ഞാന്‍ ഭാരതരത്ന സ്വീകരിക്കുമോ എന്ന് ധാരാളം പത്രപ്രവര്‍ത്തകര്‍ ചോദിക്കുന്നു. ഞാന്‍ ഇവിടെ രണ്ടു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, ഭാരതരത്നയുമായി ബന്ധപ്പെട്ടുള്ള ഇന്‍വിറ്റെഷന്‍ ഒന്നും എനിക്ക് ഇത് വരേയും കിട്ടിയിട്ടില്ല. രണ്ട്, ആ പരമോന്നത പുരസ്‌കാരം കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും പ്രസക്തി ഇക്കാര്യത്തില്‍ കേന്ദ്രം എങ്ങനെ പെരുമാറുന്നു എന്നത് കൂടി അനുസരിച്ചിരിക്കും. കേന്ദ്രത്തിന്റെ നിലപാട് കുറച്ചു കാലം മാത്രം ആയുസ്സുള്ള ഒരു ചീപ് ത്രില്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്.” അമേരിക്കയില്‍ നിന്നുമുള്ള ഇമെയില്‍ സന്ദേശത്തില്‍ തേജ് ഹസാരിക ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

മരണാനന്തരമാണ് ആസാമീസ് സംഗീതജ്ഞനായ ഭൂപൻ ഹസാരികയ്ക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചത്. ഈ മാസം ആദ്യം മണിപ്പൂരി സംവിധായകൻ അരിബം ശ്യാം ശർമ്മ തനിക്ക് ലഭിച്ച പദ്മശ്രീ പുരസ്കാരവും നിരസിച്ചിരുന്നു. മോദി സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമാണ് ഈ നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, മണിപ്പൂർ, ആസാം എന്നിവിടങ്ങൾ പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് നിശ്ചലമാണ്. മറ്റ് രാജ്യങ്ങളിൽ നിന്നുളള മുസ്ലിം ഇതര മതസ്ഥർക്ക് പൗരത്വം നൽകാനും മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കുകയും ചെയ്യുന്നതാണ് ഇവിടങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചത്.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook