ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ അരുണാചല്‍ പ്രദേശിലെ ഭൂപന്‍ ഹസാരിക പാലത്തിന് ചൈനയുടെ മുന്നറിയിപ്പ്. അരുണാചല്‍പ്രദേശിലെ നിര്‍മാണങ്ങളില്‍ ഇന്ത്യ അത്യധികം സൂക്ഷിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഒുമിച്ച് ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുമെന്നും അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനായി ഇന്ത്യ ശ്രദ്ധയോടെയും സംയമനത്തോടെയും പെരുമാറണമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ചൈന-ഇന്ത്യ അതിര്‍ത്തി സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണ്. പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി. തെക്കന്‍ ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശ് എന്നാണ് ചൈനയുടെ വാദം.
കിഴക്കന്‍ സംസ്ഥാനങ്ങളായ അസം അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം സൈനിക നീക്കത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. അടിയന്തര സാഹചര്യത്തില്‍ അസമില്‍നിന്ന് സൈന്യത്തിന് കരമാര്‍ഗം അരുണാചല്‍പ്രദേശിലേക്ക് എത്താന്‍ സഹായിക്കുന്നതാണ് പാലം. ടാങ്ക് അടക്കമുള്ള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമാണ് അതിര്‍ത്തിയില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത്തിനുകുറുകെ നിര്‍മിച്ച ഈ പാലം. 9.2 കിലോ മീറ്റര്‍ ദൂരമുള്ള പാലം അസമില്‍ നിന്നും അരുണാചലിലേക്കുള്ള അഞ്ചുമണിക്കൂര്‍ ദൈര്‍ഖ്യമുള്ള 165 കിലോമീറ്റര്‍ യാത്രയ്ക്കാണ് അറുതി വരുത്തിയിരിക്കുന്നത്.