വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയെ ക്യാമ്പസിലെത്തിയ ഒരു സംഘം വെടിവച്ചുകൊന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ക്യാമ്പസിലെ ഹോസ്റ്റലിനു മുമ്പില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയത്.
ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യൂണിവേഴ്സിറ്റിയിലെ എംസിഎ വിദ്യാര്‍ഥി ഗൗരവ് സിങ്ങാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഗൗരവിന് വെടിയേറ്റത്.
ഗൗരവിന്റെ വയറിനാണ് വെടികൊണ്ടത്. അദ്ദേഹത്തെ ഉടന്‍ ബിഎച്ച്‌യുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയി. പിന്നീട് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഗൗരവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൗരവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പുറകെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി കലഹത്തില്‍ ഏര്‍പ്പെട്ടു. ആശുപത്രിക്കു മുന്നിലും വിദ്യാര്‍ത്ഥികളും സുരക്ഷാ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.