വാരണാസി: ബനാറസ് ഹിന്ദു സർവകലാശാല (ബിഎച്ച്‌യു) യില്‍ നടന്ന സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ ചോദ്യം ചെയ്തുകൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണിത്. ഡിവിഷണര്‍ കമ്മീഷണറോടാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഘര്‍ഷം തടയുന്നതില്‍ വീഴ്ചപറ്റിയ ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ബിഎച്ച്‌യു ക്യാംപസില്‍ ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. റിപ്പോര്‍ട്ട് പ്രകാരം പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നാലു പെണ്‍കുട്ടികള്‍ക്ക് തലക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്.

സർവകലാശാല ക്യാംപസില്‍ ബൈക്കില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം രാത്രി കോളേജില്‍ നിന്നും ഹോസ്റ്റലിലേക്ക് പോകുന്ന പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദ്യം പെണ്‍കുട്ടി ഹോസ്റ്റല്‍ വാര്‍ഡനെ സമീപിച്ചെങ്കിലും, അനുകൂല പ്രതികരണം ലഭിച്ചില്ല. മറിച്ച് എന്തുകൊണ്ട് രാത്രി വൈകി ഹോസ്റ്റലിലെത്തിയെന്നാണ് വാര്‍ഡന്‍ ചോദിച്ചതെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു.

പെണ്‍കുട്ടികള്‍ക്കെതിരെ ക്യാംപസില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ സർവകലാശാലയുടെ പ്രധാന കവാടത്തിന് സമീപം പ്രതിഷേധം ആരംഭിച്ചത്. സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ സർവകലാശാല വൈസ് ചാന്‍സലറെ കാണണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ശനിയാഴ്ച രാത്രിയോടെ വിസിയുടെ വസതിക്ക് മുന്നിലെത്തി. എന്നാല്‍ പൊലീസും സുരക്ഷാ ജീവനക്കാരും ഇത് തടഞ്ഞു. ഇതോടെ പൊലീസിനു നേരെയും പ്രതിഷേധവും കല്ലേറും ഉണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

എന്നാല്‍ തീര്‍ത്തും സമാധാനപരമായി ധര്‍ണ നടത്തിയ തങ്ങളെ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നിരവധി തവണ ക്യാപസിനുള്ളില്‍ ആവര്‍ത്തിച്ചിട്ടും ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അധ്യാപകരും പൊലീസും ചേര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വൈസ് ചാന്‍സലറുടെ ഉറപ്പ് ലഭിക്കാതെ തങ്ങള്‍ പുറകോട്ടില്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ