ഭോപാൽ: ഇന്നലെ ഭോപാൽ-ഉജ്ജയ്ൻ പാസഞ്ചർ ട്രെയിനിലുണ്ടായ സ്ഫോടനം ഐഎസ് ഭീകരാക്രമണം ആണെന്ന് സ്ഥിരീകരണം. ഐഎസ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്നുളളതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ അറിയിച്ചു. ട്രെയിൻ സ്ഫോടനത്തിനായി പൈപ് ബോംബ് ഘടിപ്പിച്ച ശേഷം ഇതിന്റെ ചിത്രം സിറിയയിലേക്ക് അയച്ചുകൊടുത്തെന്നും ചൗഹാൻ പറഞ്ഞു.

ആക്രമണത്തിനു നേതൃത്വം നൽകിയ ആളെന്നു സംശയിക്കുന്ന സൈഫുല്ല എന്ന ഭീകരനെ ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഇന്നലെ രാത്രി സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഐഎസ് പതാകയും ട്രെയിൻ സമയം രേഖപ്പെടുത്തിയ ടൈം ടേബിളും കണ്ടെടുത്തിട്ടുണ്ട്. എട്ടു പിസ്റ്റളുകൾ, 650 വെടിയുണ്ടകൾ, റിവോൾവർ, കത്തി, പണം, സ്വർണം, പാസ്പോർട്ട്, സിം കാർഡുകൾ എന്നിവയും ഇയാളുടെ പക്കൽ നിന്ന് കിട്ടിയിട്ടുണ്ട്.

12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ വധിച്ചത്. ഭീകരനെ ജീവനോടെ പിടികൂടാനാണ് ആദ്യം ശ്രമിച്ചതെങ്കിലും അവസാനം സൈന്യം വധിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.30 കഴിഞ്ഞപ്പോഴാണ് ഭോപാലിന് അടുത്ത് ജബ്‌ദി സ്റ്റേഷനിൽ വച്ച് പാസഞ്ചർ ട്രെയിനിന്റെ ജനറൽ കംപാർട്‌മെന്റിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 10 പേർക്കു പരുക്കേറ്റിരുന്നു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ