ലക്‌നൗ: ഭോപ്പാൽ -ഉജ്ജയിൻ പാസഞ്ചർ ട്രയിനിലെ സ്ഫോടനത്തിന്റെ കാരണക്കാരൻ എന്ന് സംശയിക്കുന്ന ഒരാളെ ഉത്തർ പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കൊലപ്പെടുത്തി. ലക്‌നൗ നഗരത്തിന്റെ പ്രാന്ത പ്രദേശത്തെ ഒരു വീട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു ഇയാൾ. സൈഫുള്ള എന്നാണ് ഇയാളുടെ പേര്. പിടികൂടാനുള്ള ശ്രമത്തിനിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഈ വീട്ടിൽ നിന്നും നിരവധി പാസ്പോർട്ടുകളും ആയുധശേഖരവും പൊലീസ് കണ്ടെത്തി.

ഈ വീട്ടിൽ നടന്ന തിരച്ചിലിൽ ഇന്ത്യയിൽ നിർമ്മിച്ച എട്ട് തോക്കുകൾ, 632 തിരകൾ, 71 ശൂന്യമായ ഷെല്ലുകൾ, 45 ഗ്രാം സ്വർണ്ണം, മൂന്ന് മൊബൈൽ ഫോൺ, ബാങ്ക് പാസ്ബുക്ക്,​എടിഎം കാർഡ്, പാൻ കാർഡ്, രണ്ട് ചെറിയ വാക്കി ടോക്കി, വെടിയുണ്ടകൾ നിറച്ചുവച്ച കുപ്പി, രണ്ട് കുപ്പികളിൽ വെടിമരുന്ന്, ഒന്നര ലക്ഷം രൂപ(റിയാൽ കറൻസി ഉൾപ്പടെ), ഇസ്ലാമിക് സ്റ്റേറ്റിന് സമാനമായ കറുത്ത കൊടി, കൈയ്യെഴുത്ത് സാഹിത്യങ്ങൾ തുടങ്ങിയവ കണ്ടെത്തി.

കേസിൽ കാൻപൂരിൽ നിന്ന് മൂന്ന് പേരും മദ്ധ്യപ്രദേശിലെ ഹോസങ്കാബാദ് ജില്ലയിൽ നിന്ന് മൂന്ന് പേരും ഇതിനോടകം പിടിയിലായിട്ടുണ്ട്. വെടിവയ്പ്പിൽ കൊല്ലപ്പെട്ട സൈഫുള്ളയും മറ്റുള്ളവരും ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ആക്രമണം സംഘടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. “സോഷ്യൽ മാധ്യമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തിയവരാണ് ഇവർ. നേരിട്ട് ഇസ്ലാമിക് സ്റ്റേറ്റുമായി ഇവർക്ക് ബന്ധമില്ല. ആക്രമണത്തിനുള്ള പണം ഇവർ തന്നെ സ്വരൂപിച്ചതാണെന്നും ഇതിനായി മറ്റെവിടെയെങ്കിലും നിന്ന് പണം ലഭിച്ചിട്ടില്ലെന്നും” എഡിജിപി ദൽജിത് സിംഗ് ചൗധരി പറഞ്ഞു.

“അൽ കാസിം എന്നറിയപ്പെടുന്ന ആതിഫ് മുഹമ്മദാണ് ഒരു വർഷം മുൻപ് ഈ ഒരു സംഘത്തെ രൂപീകരിച്ചതെന്ന്” തീവ്രവാദ വിരുദ്ധ സംഘം എസ്‌പി പ്രണയ് നഗ്‌വൻഷി പറഞ്ഞു. ഇയാൾ നേരത്തേ ഹൊസങ്കാബാദിൽ നിന്ന് പിടിയിലായിട്ടുണ്ട്. സൈഫുള്ള വാടകയ്ക്കെടുത്ത വീട്ടിൽ ഇവരെല്ലാം സംഘമായാണ് താമസിച്ചതെന്ന് പൊലീസ് പറഞ്ഞു. ദുബൈയിൽ ജോലി ചെയ്യുന്ന ബാദുഷ ഖാൻ എന്നയാളുടേതാണ് ഈ വീട്. ഇയാൾക്ക് സംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ, ” ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല തീവ്രവാദി സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന്” പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ