ഭോപ്പാൽ: പത്തൊൻപതുകാരിയായ കോളേജ് വിദ്യാർഥിനിയെ മൂന്നു മണിക്കൂറോളം കൂട്ട ബലാൽസംഗം ചെയ്തു. കോച്ചിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പാലത്തിനു താഴെ കെട്ടിയിട്ട് നാലുപേർ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് രാജ്യത്തെ നടുക്കിയ പീഡനം നടന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഹാബിബ്ഗജ് റയിൽവേ സ്റ്റേഷനു സമീപത്തായാണ് സംഭവം നടന്നത്. സിവിൽ സർവീസ് പരീക്ഷയുടെ കോച്ചിങ് ക്ലാസ് കഴിഞ്ഞ് ഇവിടെനിന്നാണ് പെൺകുട്ടി വീട്ടിലേക്ക് ട്രെയിനിൽ പോകുന്നത്. ചൊവ്വാഴ്ചയും ക്ലാസ് കഴിഞ്ഞ് റയിൽവേ സ്റ്റേഷനിലേക്കു വരവേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: ”രാത്രി ഏഴു മണിയോടെ ഗോലു ബിഹാരി (മകളെ കൊന്നതിന് ജാമ്യത്തിൽ പുറത്തിയ വ്യക്തിയാണിയാൾ) എന്നൊരാൾ എന്നെ കടന്നുപിടിച്ചു. ഞാൻ ബഹളം കൂട്ടിയപ്പോൾ അയാൾ തന്റെ സഹോദരി ഭർത്താവ് അമർ ഗുണ്ടുവിനെ വിളിച്ചു. അവർ എന്നെ ബലമായി ഒരു പാലത്തിന് അടിയിലേക്ക് കൊണ്ടുപോയി. അപ്പോഴും ഞാൻ ബഹളം വയ്ക്കുകയും ഉച്ചത്തിൽ കരയുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ അവർ ഒരു കല്ലു കൊണ്ട് എന്റെ തലയ്ക്കിടിച്ചു. അവർ എന്നെ കെട്ടിയിട്ടു പീഡിപ്പിച്ചു. 15 മിനിറ്റ് കഴിഞ്ഞപ്പോൾ ഗോലു ബിഹാരി സിഗരറ്റും പുകയിലയും വാങ്ങാൻ പോയി. തിരിച്ചുവന്നശേഷം രണ്ടുപേരും ചേർന്ന് വീണ്ടും പീഡിപ്പിച്ചു. പീഡനത്തിനുശേഷം ഞാൻ ഉടുക്കാൻ വസ്ത്രം ആവശ്യപ്പെട്ടു. ഗോലു ബിഹാരി അയാളുടെ വീട്ടിൽ ചെന്ന് എനിക്ക് വസ്ത്രങ്ങൾ കൊണ്ടുവന്നു.

തിരിച്ചുവന്നപ്പോൾ അയാൾക്കൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. നാലു പേരും ചേർന്ന് വീണ്ടും 10 മണിവരെ പീഡിപ്പിച്ചു. അവസാനം എന്നെ പോകാൻ അനുവദിച്ചു. പോകുന്നതിനുമുൻപ് എന്റെ കമ്മലും വാച്ചും ഫോണും അവർ വാങ്ങിച്ചു. അതിനുശേഷം ഞാൻ റയിൽവേസ്റ്റേഷനില പൊലീസ് പോസ്റ്റിൽ പോവുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു”.

അതേസമയം, പീഡനത്തിന്റെ പിറ്റേ ദിവസം മകളെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ ചെന്നുവെങ്കിലും മകൾ പറയുന്നത് കളളക്കഥയാണെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാൻ തയാറായില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ