മൂവായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ 1984 ലെ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനില്‍ (യുസിസി) നിന്ന് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി.
7,844 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് നടപടി. വീണ്ടും വിഷയം പരിഗണിക്കുന്നത് യുസിസിക്ക് മാത്രമെ ഗുണം ചെയ്യുകയുള്ളെന്നും കോടതി വ്യക്തമാക്കി.
ആർബിഐയുടെ പക്കലുള്ള 50 കോടി രൂപ ബാധിക്കപ്പെട്ടവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചു.
“കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉണ്ടായി. “നഷ്ടപരിഹാരത്തുകയിലെ പോരായ്മ പരിഹരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനായിരുന്നു. ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതിലെ പരാജയം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത അശ്രദ്ധയും കോടതിയുടെ വിധിയുടെ ലംഘനവുമാണ്, ” ബെഞ്ചിനെ ഉദ്ധരിച്ച് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരാളുടെ പോക്കറ്റിൽ നിന്ന് പണം എടുക്കുന്നത് വളരെ എളുപ്പമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് കോടതി നേരത്തെ പറഞ്ഞിരുന്നു. നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുക, എന്നിട്ട് നിങ്ങൾ അവരുടെ (യുസിസി) പോക്കറ്റിൽ നിന്ന് എടുക്കണോ വേണ്ടയോ എന്ന് നോക്കാനും കോടതി പറഞ്ഞു.