ഭോപ്പാല്‍: ജയിലില്‍ കഴിയുന്ന അച്ഛനൊപ്പം രക്ഷാ ബന്ധന്‍ ആഘോഷിക്കാനെത്തിയ ചെറിയ കുട്ടികളുടെ മുഖത്ത് ജയില്‍ അധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് മനുഷ്യത്വരഹിതമായ ഈ പ്രവര്‍ത്തി നടന്നത്. സംഭവം വന്‍ വിവാദമായതോടെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടു.

ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചത്.

ജയില്‍ അധികൃതരുടെ നടപടിയില്‍ ശക്തമായി അപലപിക്കുന്നുവെന്നും അന്വേഷണം നടത്തുമെന്നും ജയില്‍ മന്ത്രി കുസും മെഹ്‌ദേലെ അറിയിച്ചു. സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ടവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. രാഘവേന്ദ്ര വ്യക്തമാക്കി.

അതേസമയം കുട്ടിളുടെ മുഖത്ത് സീല്‍പതിച്ചത് ദുരുദ്ദേശപരമായല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതാകാമെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ