മുംബൈ: ഒന്‍പത് പേരുടെ മരണത്തിന് കാരണമായ ബിര്‍ഭും അക്രമക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പെര അറസ്റ്റ് ചെയ്ത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ടീം. മുംബൈയില്‍ നിന്നായിരുന്നും ഇവരെ പിടികൂടിയത്.
മാര്‍ച്ച് 21 ന് നടന്ന അക്രമസംഭങ്ങളെക്കുറിച്ചുള്ള കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക റിപ്പോര്‍ട്ട് കല്‍ക്കട്ട ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ അക്രമത്തിന് കാരണമായെന്ന് സംശയിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവും സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംഭവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി പറയുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു.
ബിര്‍ഭും കൊലപാതകങ്ങള്‍
രാംപൂര്‍ഹട്ട് ബ്ലോക്ക് ഒന്നിനു കീഴിലുള്ള ബാരിഷാല്‍ ഗ്രാമപഞ്ചായത്തിലെ ഡെപ്യൂട്ടി പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദാദു ഷെയ്ഖാണ് കൊല്ലപ്പെട്ടത്. ബോഗ്തുയി ക്രോസിനു സമീപം നില്ക്കുമ്പോള് രണ്ട് മോട്ടോര്‍ സൈക്കിളുകളിലായെത്തിയ നാലംഗ സംഘം ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷെയ്ഖിനെ രാംപൂര്‍ഹട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെ ബിര്‍ഭും ജില്ലയിലെ രാംപൂര്‍ഹട്ടില്‍ വ്യാപകമായി ആക്രമണങ്ങള്‍ ഉണ്ടായി. ബോംബാക്രമണവും നിരവധി വീടുകള്‍ക്ക് അക്രമികള്‍ തീ വയ്ക്കുകയും ചെയ്തു. രണ്ട് ദിവസങ്ങളിലായി കത്തിക്കരിഞ്ഞ നിലയില്‍ ഒന്‍പത് മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തിന് രാഷ്ട്രീയ മാനമില്ലെന്നായിരുന്നു ടിഎംസിയുടെ വാദം.
കൂട്ടക്കൊല നടന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങളുമുണ്ടായി. കഴിഞ്ഞ മാര്‍ച്ച് 25 നാണ് കല്‍ക്കട്ട ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) കേസിന്റെ മുഴുവൻ രേഖകളും കസ്റ്റഡിയുള്ളവരെയും സിബിഐക്ക് കൈമാറാൻ കോടതി നിർദേശിച്ചിരുന്നു.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിയിരുന്നു. ബംഗാളില്‍നിന്നുള്ള ഒമ്പതംഗ ബിജെപി എംപിമാരുടെ സംഘം ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് കേന്ദ്ര ഇടപെടല്‍ അഭ്യര്‍ഥിച്ചിരുന്നു.