മുംബൈ:: ഭിമാ കൊറേഗാവ് സംഘര്‍ഷത്തില്‍ ഹിന്ദുത്വ നേതാവ് ശംബാജി ഭീദിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം. അറസ്റ്റ് ആവശ്യപ്പെട്ട് നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധമറിയിച്ച് ആയിരങ്ങളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. മുംബൈ ആസാദ് മൈതാനിയില്‍ ഒത്തുകൂടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ദളിത് നേതാവും ഭരിപ ബഹുജന്‍ മഹാസങ്കിന്റെ പ്രസിഡന്റും അംബേദ്‌കറിന്റെ പൗത്രനുമായ പ്രകാശ് അംബേദ്കറാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഭിമ കൊറേഗാവില്‍ നടന്ന പരിപാടിയുടെ സംഘാടകനും പ്രകാശ് അംബേദ്‌കര്‍ ആയിരുന്നു. ഇന്ന്രാവിലെ 11 മണിയോടെയായിരുന്നു അംബേദറൈറ്റ് പ്രവര്‍ത്തകര്‍ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്നത്. പുതുവര്‍ഷ ദിനത്തിലുണ്ടായ ഭീമാ-കൊറേഗാവില്‍ സംഘര്‍ഷത്തില്‍ പ്രതിയായ ഭീദിനെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘര്‍ഷം അഴിച്ചുവിട്ട സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് പ്രകാശ് അംബേദ്‌കര്‍ ആരോപിച്ചു.

ഭിമാ കൊറേഗാവിന്‍റെ 200ാം വാര്‍ഷികത്തിന് ലക്ഷങ്ങളായിരുന്നു അണിനിരന്നത്. ഗുജറാത്തിലെ വഡഗാവില്‍ നിന്നുമുള്ള എംഎല്‍എ ജിഗ്നേഷ് മേവാനി, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല തുടങ്ങി ഇന്ത്യയിലുടനീളമുള്ള ദളിത്‌ ശബ്ദങ്ങളെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഭിമാ കൊറേഗാവിന്‍റെ 200ാം ആണ്ട് ആഘോഷം. ഇതിനെതിരെയായിരുന്നു സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അക്രമം അഴിച്ചുവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ