/indian-express-malayalam/media/media_files/uploads/2023/07/sc.jpg)
ഭീമ കൊറേഗാവ് കേസ്: വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) ചുമത്തപ്പെട്ട വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇരുവരും അഞ്ച് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളല്ലെന്ന് സുപ്രീം കോടതി പറഞ്ഞയാലി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
2018 മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന വെര്‍നണ്‍ ഗോണ്‍സാല്‍വസും അരുണ്‍ ഫെരേരയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്ന് ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കൂട്ടുപ്രതി സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചിട്ടും ബോംബെ ഹൈക്കോടതി തങ്ങള്‍ക്ക് ജാമ്യം നിഷേധിച്ചുവെന്നാണ് ഇരുവരുടെയും വാദം.
നിരവധി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ഇരുവര്‍ക്കും മഹാരാഷ്ട്ര വിടാന്‍ കഴിയില്ല, കൂടാതെ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണ ഉദ്യോഗസ്ഥന് പാസ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ഇരുവരും താമസിക്കുന്ന സ്ഥലത്തിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്
കൊറേഗാവ്-ഭീമ യുദ്ധത്തിന്റെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയിലെ ശനിവാര്‍ വാഡയില്‍ നടന്ന ഒരു സമ്മേളനത്തെയും തുടര്‍ന്നുണ്ടായ അക്രമത്തെയും തുടര്‍ന്ന് ഒരു യുവാവിന്റെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയതാണ് ഭീമ കൊറേഗാവ് കേസ്.
കേസില്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം, 2018 ഓഗസ്റ്റില്‍, സാമൂഹ്യ പ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തു. സുധാ ഭരദ്വാജ്, പി വര വര റാവു, ഗൗതം നവ്ലഖ എന്നിവര്‍ക്കൊപ്പം ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു, സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാവരെയും ആദ്യം വീട്ടുതടങ്കലിലാക്കിയിരുന്നു.
അതേസമയം, കൊറേഗാവ് ഭീമ അന്വേഷണ കമ്മീഷന്റെ കാലാവധി ഈ മാസം ആദ്യം മഹാരാഷ്ട്ര സര്‍ക്കാര്‍ വീണ്ടും നീട്ടിയിരുന്നു. അക്രമത്തിന്റെ കാരണം അന്വേഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടംഗ കമ്മീഷന്‍ രൂപീകരിച്ചത്. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജെ എന്‍ പട്ടേലും, മുന്‍ ചീഫ് സെക്രട്ടറി സുമിത് മല്ലിക്കുമാണ് സമിതിയിലെ അംഗങ്ങള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.