മുംബൈ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ തെലുങ്ക് കവിയും എഴുത്തുകാരനുമായ വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവ്. ബോംബെ ഹൈക്കോടതിയാണ് വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചത്.

മുംബൈ നാനാവതി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റും. ആശുപത്രി ചെലവുകൾ പൂർണമായി സംസ്ഥാന സർക്കാർ വഹിക്കണമെന്നും കോടതി നിർദേശിച്ചു. പതിനഞ്ച് ദിവസത്തെ ചികിത്സയാണ് അനുവദിച്ചിരിക്കുന്നത്. ആശുപത്രി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വരവര റാവുവിന്റെ ഭാര്യയ്‌ക്കും മറ്റ് കുടുംബാംഗങ്ങൾക്കും അദ്ദേഹത്തെ സന്ദർശിക്കാനുള്ള അനുമതിയും കോടതി നൽകി.

ജസ്റ്റിസുമാരായ എസ്.എസ്.ഷിൻഡെ, മാധവ് ജാംധാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസിൽ വാദം കേട്ടത്. കോടതിയെ അറിയിക്കാതെ വരവര റാവുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യരുതെന്നും എസ്.എസ്.ഷിൻഡെ അധ്യക്ഷനായ ബഞ്ച് നിർദേശം നൽകി. വരവര റാവു മരണകിടക്കയിലാണെന്നും ചികിത്സ അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

Read Also: ‘നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ’; പൊട്ടിച്ചിരിച്ച് കെ.ടി ജലീൽ

വരവര റാവുവിന് വാർധക്യസഹജമായ രോഗങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി വരവര റാവുവിന്റെ ഭാര്യ നൽകിയത ഹർജിയാണ് കോടതി പരിഗണിച്ചത്. വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് എൻഐഎ നിലപാടെടുത്തപ്പോൾ, നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സർക്കാർ എതിർത്തില്ല. ഭീമ കൊറേഗാവ് കേസിൽ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്. ദളിതരെ തെറ്റിദ്ധരിപ്പിച്ച് ആക്രമണത്തിലേക്ക് നയിച്ചുവെന്നാണ് ചുമത്തപ്പെട്ട കുറ്റം. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരവര റാവു അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ യുഎപിഎ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook