ന്യൂഡല്‍ഹി : ഇരുപത്തിനാല് മണിക്കൂറിന് മുകളില്‍ നീണ്ട വീട്ടുതടങ്കലില്‍ ‘ന്യായീകരണമില്ല’ എന്ന് പറഞ്ഞ് ആക്റ്റിവിസ്റ്റ് ഗൗതം നവ്‌ലാഖയുടെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി അസാധുവാക്കി. ഇന്നലെ മറ്റൊരു വിധിയില്‍ എല്‍ഗാര്‍ പരിഷത്തുമായി ബന്ധമാരോപിച്ച് പൂനെ പൊലീസ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച ആക്റ്റിവിസ്റ്റുകളുടെ തടങ്കല്‍ കാലാവധി സുപ്രീം കോടതി നാല് ആഴ്ചത്തേക്ക് നീട്ടിയിരുന്നു. കുറ്റാരോപിതര്‍ക്ക് ആവശ്യമെങ്കില്‍ മുറപ്രകാരമുള്ള കോടതിയെ സമീപിക്കാമെന്നും പരമോന്നത കോടതി പറയുകയുണ്ടായി. ഇതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി.

കഴിഞ്ഞ മാസമാണ് നവ്‌ലാഖയുടെ ഡല്‍ഹിയിലെ വസതിയില്‍ പൂനെ പൊലീസിന്റെ റെയിഡും തുടര്‍ന്ന് അറസ്റ്റും നടക്കുന്നത്. ഗൗതം നവ്‌ലാഖയെ കേസന്വേഷണത്തിനായി പൂനെയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു മഹാരാഷ്ട്ര പൊലീസ് നല്‍കിയ ട്രാന്‍സിറ്റ് റിമാന്‍ഡും കോടതി തള്ളി. നേരത്തെ ഡല്‍ഹിയിലെ സകേത് ജില്ലാ കോടതിയില്‍ നിന്ന് മഹാരാഷ്ട്ര പൊലീസ് ട്രാന്‍സിറ്റ് റിമാന്‍ഡ്‌ സമ്പാദിച്ചിരുന്നു.

Read More : ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകള്‍ ആരൊക്കെ?

മാധ്യമപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ ഗൗതം നവ്‌ലാഖയ്ക്ക് പുറമേ എഴുത്തുകാരന്‍ വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വജ് എന്നിവരെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഓഗസ്റ്റ് 28നായിരുന്നു റെയിഡ്.

ഒരേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയിഡിന് പിന്നാലെയാണ് ഓഗസ്റ്റ് 29ന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ ഇവരെയെല്ലാവരെയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്നത്. ചരിത്രകാരി റോമിലാ ഥാപ്പര്‍, സാമ്പത്തികവിദഗ്ദ്ധന്‍ പ്രഭാത് പട്ട്നായിക്, ദേവിക ജെയിന്‍, മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ മജ ദാരുവാല എന്നിവരുടെ ഹര്‍ജിയിന്മേലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍.

ഗൗതം നവ്‌ലാഖയുടെ അറസ്റ്റ് ചെയ്യാനുള്ള മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനത്തെയും ഡല്‍ഹി ഹൈ കോടതി ചോദ്യം ചെയ്തു. ഗ്വാളിയോറില്‍ ജനിച്ച ഗൗതം നവ്‌ലാഖ പീപിള്‍സ് യൂണിയന്‍ ഓഫ് ഡമോക്രാറ്റിക് റൈറ്റ്സിന്റെ സജീവ അംഗമാണ്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ന്യൂസ്ക്ലിക്കില്‍ കോളമിസ്റ്റാണ്. മുപ്പത് വര്‍ഷത്തോളം അക്കാദമിക് പ്രസിദ്ധീകരണമായ ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ (ഇപിഡബ്ല്യു) വീക്കിലിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook