സ്വാതന്ത്ര്യം, അന്തസ്സ്, വിയോജിപ്പ് എന്നിവയ്ക്കൊപ്പം നിൽക്കാൻ കോടതിക്ക് സാധിച്ചില്ലെങ്കിൽ അത് ഈ അവകാശങ്ങളുടെ ചരമഗീതം എഴുതുകയാവുമെന്ന് സുപ്രീം കോടതി ജഡ്‌ജി ഡി വൈ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു.

വരവര റാവു, സുധാ ഭരദ്വജ്, അരുണ്‍ ഫെരേര, വെര്‍നാന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവലാഖ എന്നിവരെ പൂനൈ പൊലീസ് അറസ്റ്റ് ചെയ്ത കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ജഡ്‌ജി ഡി വൈ ചന്ദ്ര ചൂഢ് ഈ​ അഭിപ്രായം രേഖപ്പെടുത്തിയത്. ചരിത്രപണ്ഡിതയും എഴുത്തുകാരിയും അധ്യാപികയുമായ റൊമീലാ ഥാപ്പർ ഉൾപ്പെടയുളളവരാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചത്.

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റ് അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ജസ്റ്റിസ്‌  ചന്ദ്രചൂഢ് അഭിപ്രയാപ്പെട്ടു. ഈ കേസിൽ മഹാരാഷ്ട്ര പൊലീസ് പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുളള പ്ലോട്ട് ഉണ്ടാക്കിയെന്നും അതിൽ ഈ പ്രതികൾക്ക് പങ്കുണ്ടെന്നും പൊലീസ് പത്രസമ്മേളനം നടത്തി പറഞ്ഞു. സുധാ ഭരദ്വാജിനെ അറസ്റ്റ് ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ റിപബ്ലിക്ക് ടെലിവിഷൻ അവർക്കെതിരെ നൽകിയ വാർത്തകളെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.  സുധാ ഭരദ്വാജുമായി ബന്ധപ്പെട്ട് റിപബ്ലിക്ക് ടെലിവിഷൻ​ പ്രചരിപ്പിച്ച കത്തിന്റെ ആധികാരികത തന്നെ സംശയാസ്പദമാണ്. ഈ സാഹചര്യത്തിൽ മഹാരഷ്ട്ര പൊലീസിന്റെ അന്വേഷണം നീതിയുക്തമായി നടത്താനാകുമെന്ന് തോന്നുന്നില്ല.

സ്വാതന്ത്ര്യം, അന്തസ്സ്, വിയോജിപ്പ് എന്നിവയ്ക്കൊപ്പം നിൽക്കാൻ കോടതിക്ക് സാധിച്ചില്ലെങ്കിൽ അത് ഈ അവകാശങ്ങൾക്ക് മേലുളള ചരമഗീതം പാടുകയായിരിക്കും ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് ആ വ്യക്തികളുടെ അന്തസ്സിന് മേലുളള അതിക്രമിച്ചുളള കടന്നുകയറ്റമാണ്.ഇത് പ്രത്യേക അന്വേഷണം ആവശ്യമായ കേസ് ആണെന്നും ചന്ദ്രചൂഢ് തന്റെ വിധിയിൽ വ്യക്തമാക്കി.

Read More: എൽഗാർ പരിഷത്ത് കേസ്: പൗരാവകാശപ്രവർത്തകരുടെ വീട്ടുതടങ്കൽ നാലാഴ്ചത്തേയ്ക്ക് നീട്ടി, പ്രത്യേക അന്വേഷണം വേണ്ടെന്നും സുപ്രീം കോടതി

ഇതേ സമയം കേസ് പരിഗണിച്ച മൂന്നംഗ ബഞ്ചിൽ മറ്റ് രണ്ട് പേരായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും എ എൻ ഖാൻവിൽക്കറും പ്രത്യേക അന്വേഷണത്തെ എതിർത്തു.

Read More: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകള്‍ ആരാണ്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook